

ബംഗളുരു: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി സിജെപി. ബംഗളുരുവിലാണ് സിജെപി റാലി നടത്തിയത്. യൂട്യൂബര്‍ ധ്രുവ് റാഠി, എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ്, നടന്‍ പ്രകാശ് രാജ് എന്നിവരും റാലിയില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും വോട്ട് മോഷണം നടത്തിയെന്നും സിജെപി നേതാവ് അഭിജീത് ദീപ്‌കെ ആരോപിച്ചു. ബിജെപി ലക്ഷ്യമിടുന്നത് ഒരു രാജ്യം, ഒരു പാര്‍ട്ടി എന്ന അവസ്ഥയ്ക്കാണ്. ഹിറ്റ്‌ലറും ഈ ലക്ഷ്യം വച്ചാണ് പ്രവര്‍ത്തിച്ചതെന്നും ദീപ്‌കെ പറഞ്ഞു.
സമരത്തെ അറസ്റ്റ് ചെയ്ത് തോല്‍പ്പിക്കാമെന്ന് കരുതേണ്ടെന്ന് എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് പ്രതിഷേധ റാലിയിൽ പറഞ്ഞു. ഇത് രാജ്യത്തിൻ്റെ നട്ടെല്ല് തകര്‍ക്കുന്നതിനെതിരായ പോരാട്ടമാണ്. ഞങ്ങള്‍ എല്ലാവരും അഭിജിത്തിനൊപ്പം ഉണ്ടാകുമെന്നും ഐഷി കൂട്ടിച്ചേര്‍ത്തു. യൂട്യൂബര്‍ ധ്രുവ് റാഠിയും റാലിയില്‍ പങ്കെടുത്ത് സംസാരിച്ചു.
എസ്‌ഐആര്‍ കേവലമൊരു വോട്ട് മോഷണം മാത്രമല്ല. ഇതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അപമാനിച്ചിരിക്കുകയാണെന്ന് നടന്‍ പ്രകാശ് രാജ് കുറ്റപ്പെടുത്തി. ഈ രാജ്യത്ത് ആര് ഭരിക്കണമെന്ന് ജനങ്ങളാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ എസ്‌ഐആര്‍ വന്നതോടെ ആര് വോട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന സ്ഥിതിയായിയെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി.