Owaisi and Chandrashekhar Azad Launch 'Samajik Parivartan Morcha' for 2027 UP Polls: What Vote Data Signals for SP and BSP News Malayalam
NATIONAL

ആസാദ് ഒവൈസി സഖ്യം; 'ബി-ടീം' ആരോപണങ്ങളുമായി സമാജ്‌വാദി പാർട്ടി, ബദലെന്ന് അവകാശപ്പെട്ട് പുതിയ സഖ്യം; യോഗിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുമോ 'സാമൂഹിക പരിവർത്തൻ മോർച്ച'

2014 മുതൽ 2024 വരെയുള്ള അഞ്ച് തിരഞ്ഞെടുപ്പുകളിലും ബിജെപിയെ തടയാൻ നിലവിലെ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നും അർഹമായ പ്രാതിനിധ്യത്തിന് വേണ്ടിയുള്ള ശക്തമായ ബദലാണ് തങ്ങളെന്നുമാണ് ഒവൈസിയും ആസാദും വാദിക്കുന്നത്.

Author : വിപിന്‍ വി.കെ

2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും (AIMIM) ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയും കൈകോർത്ത് 'സാമൂഹിക പരിവർത്തൻ മോർച്ച' എന്ന പുതിയ മുന്നണി പ്രഖ്യാപിച്ചത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 403 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സഖ്യം ചന്ദ്രശേഖർ ആസാദിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായും ഉയർത്തിക്കാട്ടിയിട്ടുണ്ട്. ഈ നീക്കം പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 'ബി-ടീം' തന്ത്രമാണെന്നും ഇതിന് പ്രസക്തിയില്ലെന്നും സമാജ്‌വാദി പാർട്ടി വൃത്തങ്ങൾ വിമർശിക്കുമ്പോൾ, 2014 മുതൽ 2024 വരെയുള്ള അഞ്ച് തിരഞ്ഞെടുപ്പുകളിലും ബിജെപിയെ തടയാൻ നിലവിലെ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നും അർഹമായ പ്രാതിനിധ്യത്തിന് വേണ്ടിയുള്ള ശക്തമായ ബദലാണ് തങ്ങളെന്നുമാണ് ഒവൈസിയും ആസാദും വാദിക്കുന്നത്. ഇതിനൊപ്പം, ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികൾക്കും തങ്ങളോടൊപ്പം ചേരാമെന്ന ക്ഷണവും സഖ്യനേതാക്കൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിച്ചാൽ, പടിഞ്ഞാറൻ യുപിയിലും രോഹിൽഖണ്ഡിലും ചെറിയ വോട്ട് വ്യത്യാസങ്ങൾ പോലും ഫലത്തെ നിർണ്ണയിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്നതായി തിരഞ്ഞെടുപ്പ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2022-ൽ മൊറാദാബാദ് നഗറിൽ ബിജെപി 782 വോട്ടുകൾക്ക് വിജയിച്ചപ്പോൾ എഐഎംഐഎം 2,661 വോട്ടുകൾ നേടിയിരുന്നു. ബാരാബങ്കിയിലെ കുർസിയിൽ ബിജെപിയുടെ ഭൂരിപക്ഷം 520 വോട്ടായിരുന്നപ്പോൾ എഐഎംഐഎമ്മിന് 8,541 വോട്ടുകൾ ലഭിച്ചു. സഹറൻപൂരിലെ നക്കൂറിൽ 315 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപി ജയിച്ചപ്പോൾ ഒവൈസിയുടെ പാർട്ടി 3,593 വോട്ടുകൾ സ്വന്തമാക്കിയിരുന്നു. ഈ മൂന്ന് മണ്ഡലങ്ങളിലും സമാജ്‌വാദി പാർട്ടി രണ്ടാമതും മായാവതിയുടെ ബി.എസ്.പി മൂന്നാമതുമായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ചെറിയ വോട്ട് മാറ്റം പോലും ഫലത്തിൽ നിർണ്ണായകമായേക്കാമെന്ന വിലയിരുത്തലാണ് ഈ കണക്കുകൾ മുന്നോട്ടുവെക്കുന്നത്.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും മായാവതിയുടെ ബി.എസ്.പിക്ക് മുന്നിലുള്ള വെല്ലുവിളികൾ ചർച്ചയാക്കുന്നുണ്ട്. നഗീന മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച ചന്ദ്രശേഖർ ആസാദ് 51.19 ശതമാനം വോട്ട് നേടി വിജയിച്ചപ്പോൾ, മുൻപ് 56.29 ശതമാനം വോട്ട് നേടിയിരുന്ന ബി.എസ്.പി 1.33 ശതമാനത്തിലേക്ക് ചുരുങ്ങി. എന്നാൽ തൊട്ടടുത്തുള്ള ബിജ്നോറിൽ ആസാദ് മത്സരിക്കാതിരുന്നപ്പോൾ ബി.എസ്.പിക്ക് 21 ശതമാനം വോട്ട് ലഭിച്ചിരുന്നു. 2007-ൽ പടിഞ്ഞാറൻ യുപിയിലും രോഹിൽഖണ്ഡിലുമായി 69 സീറ്റുകൾ നേടി അധികാരത്തിലെത്തിയ ബി.എസ്.പിക്ക് 2022-ൽ ആകെ ഒരു സീറ്റ് മാത്രമാണ് നേടാനായത്. മറ്റൊരു ശക്തനായ നേതാവ് രംഗത്തുവരുന്ന സാഹചര്യത്തിൽ പരമ്പരാഗത ദളിത് വോട്ട് ബാങ്കിനെ പൂർണ്ണമായി കൂടെനിർത്തുക എന്നത് മായാവതിക്ക് വെല്ലുവിളിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിക്കും പുതിയ സഖ്യം സീറ്റ് വിഭജനത്തിലും പ്രാതിനിധ്യത്തിലും സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്പി 16 ശതമാനം സീറ്റുകൾ മുസ്ലിം സ്ഥാനാർത്ഥികൾക്ക് നൽകിയപ്പോൾ, 2019-ൽ അത് 10 ശതമാനമായി കുറയുകയും 2024-ൽ 62 സ്ഥാനാർത്ഥികളിൽ നാല് പേർ മാത്രമാവുകയും ചെയ്തു. 2022-ൽ മുസ്ലിം വിഭാഗത്തിന്റെ വലിയ പിന്തുണ ലഭിച്ചിട്ടും എസ്പിക്ക് അധികാരത്തിലെത്താനായില്ലെന്നതും, അഖിലേഷിന്റെ അയോധ്യ സന്ദർശനമടക്കം പരാമർശിച്ച് ഒവൈസി ഇതിനകം വിമർശനം ഉന്നയിച്ചതും ചർച്ചയാവുകയാണ്.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് വിലയിരുത്തുന്ന എസ്പി-കോൺഗ്രസ് സഖ്യം അത് അനുകൂലമാക്കാൻ ശക്തമായ പോരാട്ടത്തിന് ഒരുങ്ങുന്നതിനിടെയാണ് ആസാദ്-ഒവൈസി സഖ്യം 403 സീറ്റുകളിലും മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്; ഇത് പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയായേക്കാമെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. 2017-ൽ 474 ചെറുപാർട്ടികൾ മത്സരരംഗത്തുണ്ടായിരുന്ന യുപി പോലൊരു സംസ്ഥാനത്ത്, സമുദായ പ്രാതിനിധ്യവും പരമ്പരാഗത വോട്ടർമാരെ കൂടെനിർത്താനുള്ള തന്ത്രങ്ങളുമാകും ഈ പുതിയ രാഷ്ട്രീയ പരീക്ഷണത്തിന്റെ ഭാവി നിശ്ചയിക്കുകയെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

SCROLL FOR NEXT