പതഞ്ജലി ഗ്രൂപ്പ് ഇൻഷുറൻസ് മേഖലയിലേക്കും 
NATIONAL

നെയ്യ്, സോപ്പ്, തേൻ എന്നിവയ്ക്ക് പിന്നാലെ പതഞ്ജലി ഗ്രൂപ്പ് ഇൻഷുറൻസ് മേഖലയിലേക്കും; മാഗ്മ ജനറൽ ഇൻഷുറൻസ് ഏറ്റെടുക്കുന്നു

മാഗ്മ ഏറ്റെടുക്കാനുള്ള ബാബാ രാംദേവിൻ്റെ നീക്കത്തിന് അനുമതി നൽകി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: യോഗാഗുരു ബാബാ രാംദേവ് പതഞ്ജലി ഗ്രൂപ്പിൻ്റെ സാമ്രാജ്യം കൂടുതൽ വിപുലീകരിക്കുന്നു. ഉൽപ്പന്നങ്ങളുടെ വിപണനത്തിന് പുറമെ ഇൻഷുറൻസ് മേഖലയിലും പരീക്ഷണത്തിന് ഇറങ്ങുകയാണ് ബാബാ രാംദേവ്. മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ ഏറ്റെടുക്കാനുള്ള രാംദേവിൻ്റെ നീക്കത്തിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകി.

പതഞ്ജലി ആയുര്‍വേദും പാസ് പാസ് ഉള്‍പ്പെടെയുള്ള പാന്‍മസാല ഉൽപ്പന്നങ്ങളുടെ നിര്‍മാതാക്കളുമായ ധരംപാല്‍ സത്യപാല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് ഏറ്റെടുക്കല്‍. 4,500 കോടി രൂപയ്ക്കാണ് ഇടപാട്. കൈമാറ്റം പൂര്‍ത്തിയാകുന്നതോടെ പതജ്ഞലി ആയുര്‍വേദയ്ക്ക് 73.56 ശതമാനം ഓഹരികളും ഡിഎസ് ഗ്രൂപ്പിന് 24.50 ശതമാനം ഓഹരികളും സ്വന്തമാകും.

മോട്ടോര്‍, ഹെല്‍ത്ത്, പ്രോപ്പര്‍ട്ടി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3,615.48 കോടി രൂപ വരുമാനം നേടി. 1929ല്‍ സ്ഥാപിതമായ ധരംപാല്‍ സത്യപാല്‍ ഗ്രൂപ്പ് ഭക്ഷണപാനീയങ്ങള്‍, മിഠായി, ഹോസ്പിറ്റാലിറ്റി, ഡയറി, ആഡംബര റീട്ടെയില്‍, കൃഷി എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സാന്നിധ്യമുള്ള കമ്പനിയാണ്. 10,000 കോടി രൂപയിലധികമാണ് കമ്പനിയുടെ വിറ്റുവരവ്.

ഇടക്കാലത്ത് പാന്‍ മസാല ഉൽപ്പന്നങ്ങളായിരുന്നു പ്രധാന വരുമാനം. പിന്നീട് അവര്‍ ഈ രംഗത്തു നിന്ന് പതിയെ പിന്‍വാങ്ങി. ഇപ്പോള്‍ ആകെ വരുമാനത്തിൻ്റെ ചെറിയ പങ്ക് മാത്രമാണ് പാന്‍ മസാല വിഭാഗത്തില്‍ നിന്നുള്ളത്. മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ്, വിവിധ വിഭാഗങ്ങളിലായി 70ലധികം ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികളാണ് നല്‍കുന്നത്. വാഹനം, ആരോഗ്യം, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, വീട് ഇന്‍ഷുറന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്തുടനീളമുള്ള പതഞ്ജലിയുടെ വിതരണ ശൃംഖല മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

SCROLL FOR NEXT