ന്യൂ ഡല്‍ഹി: രാഷ്ട്രീയ വിവാദങ്ങളിൽ പ്രതിപക്ഷം അമ്മയെ വലിച്ചിഴയ്ക്കുന്നുവെന്ന് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസും ആർജെഡിയും രാജ്യത്തെ എല്ലാ അമ്മമാരെയും അവഹേളിക്കുന്നു. കോൺഗ്രസിന്റെ വൃത്തികെട്ട മനസ് വെളിവായെന്നും മരിച്ചുപോയ തന്റെ അമ്മ എന്ത് തെറ്റ് ചെയ്തെന്നും മോദി ചോദിച്ചു.
"ബിഹാറിലെ ആർജെഡി-കോണ്‍ഗ്രസ് വേദിയില്‍ എന്റെ അമ്മയ്‌ക്കെതിരെ അധിക്ഷേപങ്ങളുണ്ടായി. ഈ അധിക്ഷേപങ്ങളിലൂടെ എന്റെ അമ്മയെ മാത്രമല്ല ഇന്ത്യയിലെ എല്ലാ അമ്മമാരെയും സഹോദരിമാരെയുമാണ് അപമാനിച്ചിരിക്കുന്നത്. ഇത് കേട്ട ശേഷം എന്നേ പോലെ നിങ്ങളും വേദനയിലാണെന്ന് എനിക്കറിയാം," ബിഹാർ രാജ്യ ജീവിക നിധി സഹകാരി സംഘ് ലിമിറ്റഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ 20 ലക്ഷത്തോളം വരുന്ന വനിതകളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസ്താവന. തന്റെ മാതാവ് ഹീരാബെന്‍ മോദി ദാരിദ്രത്തില്‍ നിന്നും പൊരുതിയാണ് തന്നെയും സഹോദരങ്ങളെയും വളർത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
"രോഗം അലട്ടിയപ്പോഴും അമ്മ ജോലി ചെയ്തു. ഞങ്ങള്‍ക്ക് തുണി തയ്പ്പിക്കാന്‍ അമ്മ ഓരോ കാശും സ്വരൂപിച്ചുവച്ചു. അത്തരത്തില്‍ കോടിക്കണക്കിന് അമ്മമാർ ഈ രാജ്യത്തുണ്ട്. ദൈവങ്ങളേക്കാള്‍ വലുതാണ് ഒരു അമ്മയുടെ സ്ഥാനം," മോദി പറഞ്ഞു. രാജ കുടുംബങ്ങളില്‍ ജനിച്ച രാജകുമാരന്മാർക്ക് പിന്നാക്കാവസ്ഥയിലുള്ള ഒരു അമ്മയുടെയും അവരുടെ മകന്റെയും പോരാട്ടങ്ങള്‍ മനസിലാകില്ല. സ്വർണത്തിന്റെയും വെള്ളിയുടെയും കരണ്ടിയുമായി ജനിച്ചവരാണ് അവരെന്നും മോദി കൂട്ടിച്ചേർത്തു. രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയേയും ആർജെഡി നേതാവ് തേജസ്വി യാദവിനേയും വിമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
ബിഹാറിലെ ദർഭംഗ ജില്ലയിൽ നിന്നുള്ള ഒരു വീഡിയോ വൈറല്‍ ആയതാണ് രാഷ്ട്രീയ ആരോപണങ്ങള്‍ ആരംഭിച്ചത്. രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും ഫോട്ടോകള്‍ പ്രദർശിപ്പിച്ചിരുന്ന വേദിയില്‍ പ്രധാനമന്ത്രിക്കെതിരെ ഒരു കൂട്ടം യുവാക്കള്‍ അധിക്ഷേപകരമായ പരാമർശങ്ങള്‍ നടത്തുന്നതായിരുന്നു വീഡിയോ. വേദിക്ക് സമീപത്ത് കോണ്‍ഗ്രസ് പതാകകളുമായി നിരവധി പ്രവർത്തകരെയും കാണാം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇത് തരംതാഴ്ന്ന രാഷ്ട്രീയമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.
അതേസമയം, ബിജെപിയുടെ "ഏജന്റുമാർ" കോൺഗ്രസ് പരിപാടിയിൽ നുഴഞ്ഞുകയറി രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിക്കാനായി അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ പ്രതികരണം. വോട്ടർ അധികാർ യാത്രയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം എന്നും ഖേര ആരോപിച്ചു.