Source: X
NATIONAL

ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചു; ഫ്ലാഗ് ഓഫ് ചെയ്‌ത് പ്രധാന മന്ത്രി

ബംഗാളിനും അസമിനും ഇടയിൽ രാത്രികാല ഹൈസ്പീഡ് റെയിൽ കണക്ഷൻ എന്ന രീതിയിലാണ് സർവീസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്‌തു. കൊൽക്കത്തയ്ക്കടുത്തുളള ഹൗറയെയും ഗുവാഹത്തിയിലെ കാമാഖ്യ ജംഗഷനെയും ബന്ധിപ്പിക്കുന്നതാണ് ട്രെയിൻ സർവീസ്. ബംഗാളിനും അസമിനും ഇടയിൽ രാത്രികാല ഹൈസ്പീഡ് റെയിൽ കണക്ഷൻ എന്ന രീതിയിലാണ് സർവീസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഗുവാഹത്തി - ഹൗറ വന്ദേഭാരത് സ്ലീപ്പർ ട്രയിനിന്റെ മടക്കയാത്രയും പ്രധാനമന്ത്രി വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു.

പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്‌ത വന്ദേ ഭാരത് സ്ലീപ്പർ ട്രയിൻ കുറഞ്ഞ നിരക്കിൽ സുഗമമായ യാത്ര സാധ്യമാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദീർഘദൂര യാത്രകളിൽ വേഗത്തിലും സുരക്ഷിതമായും കൂടുതൽ സൗകര്യപ്രദമായും യാത്രക്കാരെ എത്തിക്കുമെന്നും അവകാശപ്പെടുന്നു. ഹൗറ-ഗുവാഹത്തി റൂട്ടിൽ യാത്രാ സമയം ഏകദേശം 2.5 മണിക്കൂർ കുറയ്ക്കുന്നതിലൂടെ, ഈ ട്രെയിൻ മതപരമായ യാത്രയ്ക്കും വിനോദസഞ്ചാരത്തിനും വലിയ ഉത്തേജനം നൽകുമെന്നും പിഎംഒ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കുന്ന തരത്തിലാണ് ട്രെയിൻ നിർമിച്ചിരിക്കുന്നത്, പരമാവധി 120-130 കിലോമീറ്റർ വേഗത ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളാണ് അസമും പശ്ചിമ ബംഗാളും എന്നതിനാൽ പുതിയ വന്ദേഭാരത് സർവീസിന് രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടിയുള്ളതായി വിലയിരുത്തലുകളുണ്ട്.

SCROLL FOR NEXT