NATIONAL

"പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ചു"; രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി

കോണ്‍ഗ്രസും ഡിഎംകെയും ടിഎംസിയും സമാജ്‌വാദിയും ചേരുന്ന പ്രതിപക്ഷ കക്ഷികളുടെ സ്വാർഥലാഭത്തിന് സ്ത്രീകള്‍ വിലകൊടുക്കേണ്ടിവരുന്നതായും മോദി

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വനിതാ സംവരണ ഭേദഗതിയിലെ പ്രതിപക്ഷ നിലപാടില്‍ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വനിതകളോട് മാപ്പ് ചോദിക്കുന്നുവെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസും ഡിഎംകെയും ടിഎംസിയും സമാജ്‌വാദിയും ചേരുന്ന പ്രതിപക്ഷ കക്ഷികളുടെ സ്വാർഥലാഭത്തിന് സ്ത്രീകള്‍ വിലകൊടുക്കേണ്ടിവരുന്നതായും മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ചു. ആ അപമാനം ഒരിക്കലും അവർ മറക്കില്ല. പ്രതിപക്ഷത്തിന് രാജ്യത്തെ സ്ത്രീകൾ മറുപടി നൽകുമെന്നും മോദി പറഞ്ഞു.

സ്ത്രീകള്‍ ശക്തരായാല്‍ അവരുടെ കുടുംബാധിപത്യം തകരുമെന്ന ഭയമാണ് പ്രതിപക്ഷത്തിനെന്നും മോദി ആരോപിച്ചു. കോൺഗ്രസും സഖ്യകക്ഷികളും നുണ പ്രചരിപ്പിച്ചു. കോൺഗ്രസ് എപ്പോഴും വനിതകൾക്കെതിരാണ്. പ്രതിപക്ഷത്തിന്റേത് സ്വാർഥ രാഷ്ട്രീയമാണ്. ചിലർക്ക് ദേശത്തേക്കാൾ വലുത് പാർട്ടിയാണ്. പ്രതിപക്ഷ പാർട്ടികൾ സ്വാർഥ താൽപര്യങ്ങൾക്കായി ബില്ലിനെ പിന്തുണയ്ക്കാതിരുന്നു. രാജ്യത്തെ മുഴുവൻ വനിതകളും എല്ലാ കാലത്തും ഇക്കാര്യം ഓർത്തുവെക്കുമെന്നും മോദി മുന്നറിയിപ്പ് നൽകി.

ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ആഘോഷമാക്കിയതിൽ ദുഖം തോന്നുന്നു. സംസ്ഥാനങ്ങളിൽ നിന്ന് ഒന്നും തട്ടിയെടുക്കാനല്ല സംസ്ഥാനങ്ങൾക്ക് എന്തെങ്കിലും നൽകാനാണ് ബിൽ രൂപകൽപന ചെയ്തത്. ബിൽ ആരിൽ നിന്നും ഒന്നും തട്ടിയെടുക്കുന്നില്ല. ബില്ലിലൂടെ രാജ്യത്തെ 50 ശതമാനം ആളുകളും ശാക്തീകരിക്കപ്പെടും. കോണ്‍ഗ്രസിന്റെ തനിനിറം ആണ് പുറത്തുവന്നത്. അവർ മുഖംമൂടി അഴിച്ചുമാറ്റി. മണ്ഡല പുനർനിർണയത്തെ കുറിച്ചും പ്രതിപക്ഷ പാർട്ടികൾ നുണ പ്രചരിപ്പിച്ചുവെന്നും രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു.

"ഇന്ന് അല്ലെങ്കില്‍ നാളെ എല്ലാ തടസങ്ങളും നീക്കും. രാജ്യത്തെ സ്ത്രീകളുടെ അനുഗ്രഹം എനിക്കുണ്ട്. എന്‍ഡിഎ അക്ഷീണ ശ്രമം തുടരും. ഇന്ന് ഞങ്ങള്‍ എണ്ണം തികഞ്ഞില്ല. അതിനർഥം പരാജയപ്പെട്ടു എന്നല്ല. ഇനിയും അവസരങ്ങളുണ്ടാകും. രാജ്യത്തിന്റെ ഭാവിക്കുവേണ്ടി ഈ പ്രയത്നം തുടരും. ബിൽ മുന്നോട്ട് കൊണ്ടുവരാൻ ഇനിയും ശക്തമായി പോരാടും". കോൺഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ്‌വാദി പാർട്ടി എന്നിവർ ഭ്രൂണഹത്യ നടത്തിയെന്നും മോദി കുറ്റപ്പെടുത്തി. താന്‍ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് പ്രചാരണം. ക്രെഡിറ്റ് പ്രതിപക്ഷത്തിന് നല്‍കാമെന്ന് പറഞ്ഞതാണ്. എന്നിട്ടും വ്യാജപ്രചാരണം തുടർന്നുവെന്നും മോദി പറഞ്ഞു. സഭയില്‍ 60 ശതമാനം വോട്ട് ലഭിച്ചില്ല പക്ഷേ നൂറ് ശതമാനം സ്ത്രീകളുടെ പിന്തുണ തനിക്കൊപ്പമുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

SCROLL FOR NEXT