മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിയുതിർത്ത അക്രമികൾ ഒരാഴ്ച മുമ്പും ഇതേ സ്ഥലത്തെത്തിയിരുന്നതായി പൊലീസ്. മുംബൈയിലെ ജുഹുവിൽ താരം പതിവായി ഫുട്ബോൾ കളിക്കാനെത്തുന്ന ഗ്രൗണ്ടിന് സമീപമായിരുന്നു സംഭവം. ഒക്ടോബർ 18ന് നടന്ന വെടിവെപ്പിന് മുമ്പ് ഒക്ടോബർ 11നും പ്രതികൾ സ്ഥലത്തെത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും വ്യക്തമാക്കുന്നു.
അന്ന് ടൈഗർ ഷ്രോഫ് ഫുട്ബോൾ കളിക്കാൻ എത്താതിരുന്നതിനാൽ ആക്രമണശ്രമം ഉപേക്ഷിച്ച് മടങ്ങിയതാകാമെന്നാണ് പൊലീസിന്റെ സംശയം. എല്ലാ ഞായറാഴ്ചയും വൈകിട്ട് അഞ്ച് മണിക്കും ഏഴ് മണിക്കും ഇടയിൽ ടൈഗർ ഷ്റോഫ് പുഷ്പ നർസി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാനെത്താറുണ്ടെന്ന് താരത്തിന്റെ സുഹൃത്ത് പറഞ്ഞു.
ഒക്ടോബർ 18ന് വൈകിട്ട് 4.30-ാടെ ഗ്രൗണ്ടിലെത്തിയ അക്രമികൾ ഗേറ്റിനടുത്തേക്ക് പലതവണ നടന്നെത്തി അകത്തേക്ക് നോക്കിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വൈകിട്ട് ഏഴ് മണിയോടെ ടൈഗർ പുറത്തേക്കെത്തിയപ്പോഴാണ് വെടിവെപ്പുണ്ടായത്.
മൂന്ന് പേരാണ് ആക്രമണത്തിൽ പങ്കെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രണ്ടുപേർ കാറിന് നേരെ വെടിയുതിർത്തപ്പോൾ മൂന്നാമൻ മോട്ടോർസൈക്കിളിൽ കാത്തുനിൽക്കുകയായിരുന്നു. വെടിവെപ്പിന് പിന്നാലെ ഇവർ ബൈക്കിൽ രക്ഷപ്പെട്ടു.
ടൈഗർ ഷ്റോഫ് വെടിയേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ താരത്തിന്റെ ഡ്രൈവർ ഫിർദൗസ് ഇബ്രാഹിം ബലോച്ചിനും മറ്റൊരു ജീവനക്കാരനും വെടിവെപ്പിൽ പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെയും കൂട്ടി ടൈഗർ സ്വയം കാർ ഓടിച്ച് പൊലീസ് സ്റ്റേഷനിലെത്തിയശേഷം ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ യാത്രാവിവരങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുപോയത്.