NATIONAL

നാളെ മോദിയെ ട്രംപ് കടത്തിക്കൊണ്ടു പോവില്ലെന്ന് ഉറപ്പുണ്ടോ? വെനസ്വേലയിലെ യുഎസ് നടപടിയില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കണം: പൃഥ്വിരാജ് ചവാന്‍

ഇന്ത്യ എപ്പോഴത്തെയും പോലെ വെനസ്വേലയുമായി ബന്ധപ്പെട്ട വിഷയത്തിലും നിലപാട് വ്യക്തമാക്കിയില്ലെന്നും പൃഥ്വിരാജ് ചവാൻ പറഞ്ഞു

Author : കവിത രേണുക

ന്യൂഡല്‍ഹി: വെനസ്വേലയിലെ യുഎസ് നടപടിയില്‍ ഇന്ത്യ നിശബ്ദമായിരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്‍. ഒരു രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ നിര്‍ബന്ധ പൂര്‍വം പുറത്താക്കുന്നതും അറസ്റ്റ് ചെയ്യുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

'വെനസ്വേലയില്‍ നടന്നത് യുഎന്‍ ചാര്‍ട്ടറിന് എതിരാണ്. ഒരു തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ കടത്തിക്കൊണ്ടു പോയിരിക്കുന്നു. ഇത് അത്യന്തികമായി ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. കാരണം, നാളെ ഇത് മറ്റു രാജ്യങ്ങളിലും സംഭവിച്ചേക്കാം. നാളെ ഇത് ഇന്ത്യയിലും സംഭവിച്ചുകൂടെ, നാളെ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ട്രംപ് കടത്തിക്കൊണ്ട് പോവില്ലെന്ന് ഉറപ്പുണ്ടോ?,' എന്നും ചവാന്‍ ചോദിച്ചു.

ആഗോള തലത്തില്‍ നടക്കുന്ന പല പ്രശ്‌നങ്ങളിലും കൃത്യമായി നിലപാടെടുക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ലെന്നും ചവാന്‍ വിമര്‍ശിച്ചു.

'ഇന്ത്യ ഇത്തവണയും ഒന്നും പറഞ്ഞില്ല. വെനസ്വേലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു നിലപാട് എടുത്തില്ല. റഷ്യയും ചൈനയും കൃത്യമായി നിലപാട് എടുക്കുകയും അമേരിക്കയുടെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തു,'ചവാന്‍ പറഞ്ഞു.

യുക്രെയ്ന്‍ യുദ്ധത്തിലും ഇത് തന്നെയാണ് ഇന്ത്യ സ്വീകരിച്ച നിലപാട്. നമ്മള്‍ ഒരു പക്ഷവും പിടിച്ചില്ല. ഇസ്രയേല്‍-ഹമാസ് വിഷയത്തിലും നമ്മള്‍ നിലപാട് സ്വീകരിച്ചില്ല. ഇപ്പോള്‍ ഇവിടെയും അമേരിക്കക്കാരെ ഇന്ത്യ ഭയപ്പെടുക്കയാണെന്നും നടപടിയെ വിമര്‍ശിക്കാന്‍ പോലും മോദി സര്‍ക്കാര്‍ തുനിയുന്നില്ലെന്നും ചവാന്‍ കൂട്ടിച്ചേര്‍ത്തു.

മയക്കുമരുന്നുമായി ബന്ധപ്പെട്ടാണ് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയതെന്ന ട്രംപിന്റെ വാദത്തെയും ചവാന്‍ ചോദ്യം ചെയ്തു.

മഡൂറോ തന്നെ മയക്കുമരുന്ന് കടത്തുന്നുവെന്ന വാദം വ്യാജമാണ്. പറയുന്നതിനൊക്കെ എന്തെങ്കിലും തെളിവ് വേണ്ടേ? അതുമില്ല. ഈ കേസ് രാഷ്ട്രീയമായ താല്‍പ്പര്യങ്ങളോടെ ഉണ്ടാക്കിയതാണെന്നും ചവാന്‍ പറഞ്ഞു.

ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ എണ്ണ സംഭരണമുള്ള രാജ്യമാണ് വെനസ്വേല എന്നത് തന്നെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അമേരിക്കയ്ക്ക് കാലങ്ങളായി ഇതില്‍ ഒരു കണ്ണുണ്ടെന്നും എണ്ണ എങ്ങനെ ഒരു ആയുധമായി ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2026 ജനുവരി മൂന്നിനാണ് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സേനയിലെ പ്രത്യേക ദൗത്യസംഘമായ ഡെല്‍റ്റ ഫോഴ്‌സ് കസ്റ്റഡിയില്‍ എടുത്തതെന്ന് യുഎസ് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മയക്കു മരുന്ന്-ഭീകരവാദ ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, മെഷീന്‍ ഗണ്ണുകളും വിനാശകരമായ മറ്റു ആയുധങ്ങളും കൈവശം വയ്ക്കല്‍, അമേരിക്കയ്ക്കെതിരെ ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നിക്കോളാസ് മഡൂറോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

SCROLL FOR NEXT