WORLD

ആഞ്ഞടിച്ച് കൊടുങ്കാറ്റ്; ബ്രസീലില്‍ സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടിയുടെ മാതൃക തകര്‍ന്നു വീണു

പ്രതിമയുടെ തലഭാഗം നിലത്തു കുത്തി തകര്‍ന്നു വീഴുന്നത് വീഡിയോയില്‍ കാണാം.

Author : ന്യൂസ് ഡെസ്ക്

കൊടുങ്കാറ്റില്‍ ബ്രസീലിലെ സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടിയുടെ മാതൃക തകര്‍ന്നു വീണു. തിങ്കളാഴ്ച ബ്രസീലിലെ ഗ്വായിബയിലാണ് സംഭവം. ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഫാസ്റ്റ് ഫുഡ് ഔട്ട്‌ലറ്റിന് സമീപത്തുള്ള ഹാവന്‍ റീട്ടെയില്‍ മെഗാസ്റ്റോറിന്റെ കാര്‍പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് ശക്തമായ കാറ്റില്‍ തകര്‍ന്നു വീണത്. പ്രതിമ കാറ്റില്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രതിമയുടെ തലഭാഗം നിലത്തു കുത്തി തകര്‍ന്നു വീഴുന്നത് വീഡിയോയില്‍ കാണാം.

114 അടി ഉയരമുള്ള പ്രതിമയാണ് തകര്‍ന്ന് വീണത്. എന്നാല്‍ തകര്‍ച്ചയില്‍ പ്രതിമയുടെ മുകള്‍ ഭാഗം മാത്രമാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്. 11 മീറ്ററോളം ഉയരം വരുന്ന കാലിന്റെ ഭാഗവും മറ്റും സുരക്ഷിതമായാണ് ഇരിക്കുന്നതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2020ല്‍ സ്‌റ്റോര്‍ തുറന്ന കാലം മുതല്‍ ഈ പ്രതിമ ഇവിടെയുണ്ടെന്ന് ഹാവന്‍ പ്രതികരിച്ചു. പ്രതിമ തകര്‍ന്ന ഉടന്‍ തന്നെ പ്രദേശം താല്‍ക്കാലികമായി അടച്ചതായും ഹാവന്‍ അറിയിച്ചു.

സംഭവത്തില്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഗ്വായിബയിലെ മേയര്‍ മാര്‍സലോ മാരനാറ്റ പറഞ്ഞു. പ്രതിമ തകര്‍ന്ന് വീഴുന്ന സമയത്ത് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് അടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഈ സമയം ശക്തമായ മഴയുമുണ്ടായിരുന്നു.

SCROLL FOR NEXT