തേജസ്വി-യാദവ്, ലാലുപ്രസാദ് യാദവ് Source:X
NATIONAL

തെറ്റായ ടിക്കറ്റുകൾ, ഒവൈസി ഫാക്ടർ മുതൽ ഭോജ്പുരി ഗാനങ്ങൾ വരെ തിരിച്ചടിയായി; ബിഹാറിലെ പരാജയ ഘടകങ്ങൾ അവലോകനം ചെയ്ത് ആർജെഡി

സരണിലെ തരയ്യ സീറ്റിൽ ആർജെഡി നോമിനി ശൈലേന്ദ്ര പ്രതാപ് സിംഗ് ബിജെപി സ്ഥാനാർഥിയോട് ഏതാനും വോട്ടുകൾക്കാണ് തോറ്റത്.

Author : ന്യൂസ് ഡെസ്ക്

പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിലെ പരാജയ ഘടകങ്ങൾ അവലോകനം ചെയ്ത് ആർജെഡി നേതൃത്വം.'തെറ്റായ ടിക്കറ്റുകൾ' വിനയായെന്ന് വിലയിരുത്തൽ. ഒവൈസി ഫാക്ടറിനെ വില കുറച്ച് കണ്ടത് പലയിടത്തും തിരിച്ചടിച്ചു. പ്രചാരണത്തിലെ ഭോജ്പുരി ഗാനങ്ങൾ പോലും മോശം ഇമേജുണ്ടാക്കിയെന്നും നേതാക്കൾ പറഞ്ഞു.

കിഴക്കൻ ചമ്പാരനിലെ മധുബനിൽ നിന്നുള്ള പാർട്ടി നേതാവ് മദൻ പ്രസാദ് സാഹ, ലാലു പ്രസാദ് യാദവിന്റെ വസതിക്ക് മുന്നിലെ റോഡിൽ കിടന്ന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചപ്പോൾ പറഞ്ഞ വാചകം അറംപറ്റിയ പോലെയായി ഫലം വന്നപ്പോൾ. ഇങ്ങനെ മത്സരിച്ചാൽ ആർജെഡി വെറും 25 സീറ്റുകളിലേക്ക് ചുരുങ്ങും എന്നായിരുന്നു പ്രവചനം. ഫലം വന്നപ്പോൾ മഹാഗഢ്ബന്ധൻ 243 സീറ്റുകളിൽ 35 എണ്ണം മാത്രമാണ് നേടിയത്. ആർ‌ജെ‌ഡിയാകട്ടെ 25 സീറ്റിലേക്ക് ഒതുങ്ങി.

ആർജെഡി ശക്തികേന്ദ്രങ്ങളായ സീമാഞ്ചലിലെ കത്തിഹാർ, പുർനിയ, അരാരിയ, കിഷൻഗഞ്ച്, ഷഹാബാദിലെ ഭോജ്പൂർ, കൈമൂർ, ബക്സർ, റോത്താസ്, മഗദയുടെ ഭാ​ഗമായ ജെഹാനാബാദ്, അർവാൾ പോലുള്ള മണ്ഡലങ്ങളിൽ ആർജെഡി തിരിച്ചടി നേരിട്ടത് അപ്രതീക്ഷിതമെന്നും നേതാക്കൾ വിലയിരുത്തി. ചിലയിടത്ത് പാർട്ടിക്കുള്ളിൽ അട്ടിമറി നടന്നു. സരണിലെ തരയ്യ സീറ്റിൽ ആർജെഡി നോമിനി ശൈലേന്ദ്ര പ്രതാപ് സിംഗ് ബിജെപി സ്ഥാനാർഥിയോട് ഏതാനും വോട്ടുകൾക്കാണ് തോറ്റത്.

നിതീഷ് കുമാർ സർക്കാരിന്റെ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പരാജയത്തിന് പ്രധാന കാരണമായെന്നും നേതാക്കൾ വിലയിരുത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒന്നര കോടി വനിതകൾക്ക് 10,000 രൂപ വീതം നൽകിയത് നിർണായകമായെന്ന് ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. ആർജെഡി കുടുംബങ്ങളിലടക്കം ഇത് വോട്ട് ഭിന്നിപ്പിച്ചു. അക്രമവും അശ്ലീലവും പ്രസരിപ്പിക്കുന്ന പാട്ടുകൾ ആർജെഡിയുടെ പ്രതിച്ഛായ നശിപ്പിക്കാൻ കാരണമായി.

പച്ച ഗംച ധരിച്ച ബൈക്ക് റാലികൾ വോട്ട് ധ്രുവീകരണം ഉണ്ടാക്കി. മുസ്ലിം ഭൂരിപക്ഷ മേഖലയിൽ അഞ്ച് സീറ്റുകൾ നേടിയ ഒവൈസിയുടെ സ്വാധീനം മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നും ആർജെഡി വിലയിരുത്തുന്നു. ആർജെഡി സംസ്ഥാന അധ്യക്ഷൻ അടക്കം മുതിർന്ന നേതാക്കൾ, പരാജയകാരണം അന്വേഷിക്കാൻ വിവിധ മേഖലകളിൽ സന്ദർശനങ്ങൾ നടത്തിയിരുന്നു. തുടർന്നാണ് വിലയിരുത്തൽ തയ്യാറാക്കിയത്.

SCROLL FOR NEXT