സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ Source: News Malayalam 24x7
NATIONAL

മദ്യക്കുപ്പികൾ, ടിവി, മൊബൈൽ ഫോൺ; ബെംഗളൂരു സെൻട്രൽ ജയിൽ ആഘോഷ വേദിയാക്കി കുറ്റവാളികൾ; ചീഫ് സൂപ്രണ്ടിനെ സ്ഥലം മാറ്റി

ഒരുതെറ്റും ചെയ്യാത്ത സാധാരണക്കാരൻ സമൂഹത്തിൽ ജീവിക്കാൻ പാടുപെടുമ്പോൾ സമൂഹത്തിനാകെ നഷ്ടങ്ങളുണ്ടാക്കിയ അപകടകാരികൾ ജയിൽ ആഘോഷ വേദിയാക്കിയിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

കർണാടക: ബെംഗളൂരു സെൻട്രൽ ജയിലിനുള്ളിലെ ആഡംബര ജീവിതം കണ്ട് ഞെട്ടിയിരിക്കുകയാണ് രാജ്യത്തെ ജനങ്ങൾ. ഒരു സ്വകാര്യ പാർട്ടി, എത്ര ഗംഭീരമായി നടക്കുമോ അതിലും ഗംഭീരമായ ആഘോഷമാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ജയിലിനുള്ളിലെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ചീഫ് സൂപ്രണ്ടിനെ സ്ഥലം മാറ്റിയെന്നും രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്നും അന്വേഷണം നടക്കുന്നുവെന്നും പറഞ്ഞ് തൽകാലം തടിതപ്പിയിരിക്കുകയാണ് കർണാടക ആഭ്യന്തര മന്ത്രി.

പല ബലാത്സംഗക്കേസുകളിലും പ്രതിചേർക്കപ്പെട്ടവർ. ഐസ്എസ്ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തവർ, കൊലപാതകികൾ അങ്ങനെ കൊടുംകുറ്റവാളികളുടെ ഒരു സംഘമാണ് ജയിൽ വിനോദ സഞ്ചാരകേന്ദ്രമാക്കിയിരിക്കുന്നത്. ഒരുതെറ്റും ചെയ്യാത്ത സാധാരണക്കാരൻ സമൂഹത്തിൽ ജീവിക്കാൻ പാടുപെടുമ്പോൾ സമൂഹത്തിനാകെ നഷ്ടങ്ങളുണ്ടാക്കിയ അപകടകാരികൾ ജയിൽ ആഘോഷ വേദിയാക്കിയിരിക്കുകയാണ്.

ലഘുഭക്ഷണം, മദ്യക്കുപ്പികൾ, മദ്യം നിറച്ച ഗ്ലാസുകൾ, കട്ട് ഫ്രൂട്ട്സ്, വറുത്ത നിലക്കടല ഇങ്ങനെ സ്റ്റാർ ഹോട്ടലിനെ വെല്ലുന്ന മെനുവാണ് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ടിവി, മൊബൈൽ ഫോണുകൾ, ഇങ്ങനെ എല്ലാ സൗകര്യങ്ങളും ജയിലിലുണ്ട്.

ഐസ്എസ്ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതായി കണ്ടെത്തിയ സുഹൈബ് ഹമീദ് ഷക്കീൽ മന്ന, നിരവധി ബലാത്സംഗക്കേസുകളിലെ പ്രതിയും കൊലയാളിയുമായ ഉമേഷ് റെഢി ഇവർക്കൊപ്പം എല്ലാ കൊടുംകുറ്റവാളികളും ചേർന്നുള്ള ആഘോഷപ്പാർട്ടിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒടുവിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ വിഷയത്തിൽ നേരിട്ട് ഇടപ്പെട്ടു. ചീഫ് സൂപ്രണ്ടിനെ സ്ഥലം മാറ്റിയതുകൊണ്ടോ, രണ്ട് സാധാരണ ജയിലുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതുകൊണ്ടോ തീരുന്ന പ്രശ്നമാണോ ബംഗളൂരു സെൻട്രൽ ജയിലിൽ നിന്ന് പുറത്തുവന്നിരിക്കുന്നത് എന്നത് മറ്റൊരു ചോദ്യമാണ്.

ഒരു ഉയർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ ജയിലിന്റെ ചുമതല ഏൽപിക്കും എന്നാണ് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര അറിയിച്ചത്. തടവുകാരുടെ വിഐപി ജീവിതം അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഇത്രമാത്രം പറഞ്ഞ് മാറിനിൽകാവുന്ന നിസ്സാരസംഭവമല്ല ഒരു സെൻട്രൽ ജയിലിൽ നടന്നിരിക്കുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിഷയം രാഷ്ട്രീയമായും കോളിളക്കമുണ്ടാക്കി കഴിഞ്ഞു.

SCROLL FOR NEXT