ധർമസ്ഥല 
NATIONAL

ആദ്യ പോയിൻ്റിൽ ഭൂമി കുഴിച്ച് പരിശോധിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല; ധർമസ്ഥലയിൽ കൂടുതൽ ആഴത്തിൽ പരിശോധന നടത്താൻ എസ്ഐടി

ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണവും തെളിവെടുപ്പും നടക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കർണാടക ധർമസ്ഥലയിലെ ദുരൂഹ വെളിപ്പെടുത്തലിന്‍റെ ചുരുൾ അഴിക്കാൻ എസ്ഐടി അന്വേഷണം തുടരുന്നു. ഒന്നാം പോയിന്‍റിൽ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. മൂന്നടി കുഴിച്ചിട്ടും മൃതദേഹാവശിഷ്ടം കണ്ടെത്താനായില്ല ജെസിബി എത്തിച്ച് കൂടുതൽ ആഴത്തിൽ പരിശോധിക്കാനാണ് തീരുമാനം.

പ്രദേശത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തലിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 13 സ്ഥലങ്ങൾ മാർക്ക് ചെയ്തിരുന്നു. നേത്രാവതി പുഴയുടെ സ്നാന ഘട്ടത്തിന് സമീപവും സംസ്ഥാനപാതയിൽ നിന്നും 50 മീറ്റർ അകലെയുള്ള പോയിന്റുകളാണ് ഇവ. ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണവും തെളിവെടുപ്പും നടക്കുന്നത്.

അതേസമയം, വർഷങ്ങളേറെ കഴിഞ്ഞതിനാൽ ചില സ്ഥലങ്ങൾ തിരിച്ചറിയാനാകുന്നില്ലെന്നും ജീവനക്കാരൻ പൊലീസുദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പിന്നാലെ 13 സ്പോട്ടുകൾ അന്വേഷണ സംഘം മാർക്ക് ചെയ്തു. വ്യാപകമായി കുഴിയെടുത്തുള്ള പരിശോധന പ്രായോഗികമല്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തിയത്.

6 വയസ് മുതൽ 16 വയസുവരെയുള്ള പെൺകുട്ടികളുടേതുൾപ്പെടെ നൂറിലേറെപ്പേരുടെ മൃതദേഹങ്ങൾ മാനേജറുടെ നിർദേശപ്രകാരം കുഴിച്ചുമൂടിയെന്നായിരുന്നു ജീവനക്കാരൻ്റെ മൊഴി.

SCROLL FOR NEXT