സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 21 പൊലീസുകാര്‍ ഉള്‍പ്പെടെ 22 പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ പരിഗണിച്ച് സൂപ്രീം കോടതി. കേസ് അന്വേഷിച്ച സിബിഐക്കും കുറ്റവിമുക്തരാക്കപ്പെട്ട 22 പേര്‍ക്കും കോടതി നോട്ടീസ് അയച്ചു. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിന്റെ സഹോദരന്‍ റിബാബുദ്ദീന്‍ ഷെയ്ഖ് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സുര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‍ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. അതേസമയം, ആഭ്യന്തരമന്ത്രി അമിത് ഷായെ കുറ്റവിമുക്തനാക്കിയ നടപടി കോടതി പുനഃപരിശോധിക്കില്ല. സൊഹ്‌റാബുദ്ദീൻ ഷെയ്ഖ്, ഭാര്യ കൗസര്‍ ബി., സഹായി തുളസീറാം പ്രജാപതി എന്നിവരാണ് ഗുജറാത്ത് പൊലീസീന്റെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
വിചാരണയ്ക്കിടെ 92 സാക്ഷികൾ കൂറുമാറിയ സംഭവത്തിൽ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. '92 സാക്ഷികള്‍ കൂറുമാറിയെന്നത് ഗൗരവമേറിയ വിഷയമാണ്. കീഴ്‌ക്കോടതികളുടെ കണ്ടെത്തലുകള്‍ ഒരേപോലെയായിരുന്നെങ്കിലും, നീതിയുക്തവും ന്യായവുമായ വിചാരണ നടന്നിരുന്നോ എന്നത് പരിശോധിക്കേണ്ടതുണ്ട്' എന്ന് ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‍ചി നിരീക്ഷിച്ചു. ചില സാക്ഷികളുടെ മൊഴികൾ പരിശോധിക്കാൻ ബെഞ്ച് ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസും സമാനമായ അഭിപ്രായം പങ്കുവച്ചു. കേസിന്റെ മുഴുവന്‍ റെക്കോഡുകളും വിളിച്ചുവരുത്തുന്നില്ല. എന്നാല്‍ നിര്‍ണായകമെന്ന് തോന്നുന്ന മൂന്നോ, നാലോ സാക്ഷിമൊഴികള്‍ ഹാജരാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. പ്രതികളെ വെറുതെവിട്ട കീഴ്‌ക്കോടതി വിധിയും പരമോന്നത കോടതി പരിശോധിക്കും.
2018 ഡിസംബറില്‍, സിബിഐ പ്രത്യേക കോടതിയാണ് കേസിലെ 22 പ്രതികളെയും വെറുതെവിട്ടത്. കോടതി വെറുതെവിട്ടവരില്‍ 21 പേര്‍ ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. ഇതിനെതിരെ സൊഹ്‌റാബുദ്ദീന്റെ സഹോദരങ്ങള്‍ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍, 2026 മെയില്‍ ബോംബെ ഹൈക്കോടതി കീഴ്‌ക്കോടതി വിധി ശരിവച്ചുകൊണ്ട് അപ്പീല്‍ തള്ളി. അതിനെതിരെയാണ് റിബാബുദ്ദീന്‍ ഷെയ്ഖ് സുപ്രീം കോടതിയെ സമീപിച്ചത്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും, സഹോദരന്‍, ഭാര്യ, സുഹൃത്ത് എന്നിവരുടെ മരണം കൊലപാതകമാണെന്നുമാണ് റിബാബുദ്ദീന്‍ ഷെയ്ഖിന്റെ വാദം.
ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന ഗുലാബ് ചന്ദ് കഠാരിയ എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റമുണ്ടായിരുന്നെങ്കിലും പിന്നീട് ഇവരുള്‍പ്പടെ 16 പേരെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. റിബാബുദ്ദീന്‍ ഷെയ്ഖിന്റെ അപ്പീല്‍ പരിഗണിക്കുമെങ്കിലും, അമിത് ഷായെ കുറ്റവിമുക്തനാക്കിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ 2014 ഡിസംബറില്‍ മനിയാര്‍ കല്‍പേഷ് കുമാര്‍ എന്നയാള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍, അമിത് ഷായെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജികള്‍ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിട്ടുണ്ടെന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് പുതിയ ഹര്‍ജി നല്‍കിയതെന്ന് നിരീക്ഷിച്ച് കോടതി മനിയാര്‍ കല്‍പേഷ് കുമാറിന്റെ അപ്പീല്‍ തള്ളുകയായിരുന്നു. ഈ ഹര്‍ജികളിലെ ഹൈക്കോടതിയുടെ കണ്ടെത്തലുകൾ പുനഃപരിശോധിക്കുന്നില്ലെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
2005ല്‍ ഹൈദരാബാദില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് ബസില്‍ പോകുകയായിരുന്നു സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, കൗസര്‍, തുളസീറാം പ്രജാപതി എന്നിവരെ ഒരു സംഘം പൊലീസുകാര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പിന്നീട്, അഹമ്മദാബാദിനു സമീപം നടന്ന ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. മൂന്ന് ദിവസത്തിന് ശേഷം ഭാര്യ കൗസര്‍ബിയും കൊല്ലപ്പെട്ടു. അതേസമയം, 2006ല്‍ ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലിലാണ് പ്രജാപതി കൊല്ലപ്പെട്ടത്. ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് 2012ൽ സിബിഐയുടെ ആവശ്യപ്രകാരം സുപ്രീം കോടതി മുംബൈയിലേക്ക് മാറ്റുകയായിരുന്നു. കേസില്‍ 210 സാക്ഷികളെ വിസ്തരിച്ചെങ്കിലും 92 പേർ കൂറുമാറി. അതിനൊപ്പം കൃത്യമായ തെളിവുകളുടെ അഭാവവും പ്രോസികൃൂഷന്‍ വാദങ്ങള്‍ക്ക് തിരിച്ചടിയാകുകയായിരുന്നു.