കൊൽക്കത്ത: അർജൻ്റീന ഫാൻസ് ക്ലബ് ഓഫ് കൊൽക്കത്തയുടെ പ്രസിഡൻ്റ് ഉത്തം സാഹയ്‌ക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. 50 കോടിയുടെ മാനനഷ്ടക്കേസാണ് സൗരവ് ഗാംഗുലി ഉത്തം സാഹയ്‌ക്കെതിരെ ഫയൽ ചെയ്തത്. ഡിസംബർ 13 ശനിയാഴ്ച ലയണൽ മെസ്സി കൊൽക്കത്ത സന്ദർശിച്ചപ്പോൾ യുവഭാരതി സ്റ്റേഡിയം വിവാദവുമായി തൻ്റെ പേര് വലിച്ചിഴച്ചതിനാണ് സൗരവ് ഗാംഗുലി ഇത്തരത്തിലൊരു നീക്കം നടത്തിയത്.
മെസ്സിയുടെ സന്ദർശനം പ്രമാണിച്ച് ആരാധകർ തടിച്ച് കൂടിയിരുന്നു. ആവേശഭരിതരായ ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. പരിപാടിയിൽ സുരക്ഷാ വീഴ്ച ഉണ്ടാകുകയും, സ്ഥലത്ത് ചെറിയ സംഘർഷങ്ങൾ ഉടലെടുക്കുയും ചെയ്തിരുന്നു. സുരക്ഷാ വീഴ്ച കണക്കിലെടുത്ത് കായികമന്ത്രി രാജിവയ്ക്കുകയും, മുഖ്യമന്ത്രി മമത ബാനർജി ക്ഷമാപണം നടത്തി, അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെ പരിപാടിയുടെ സംഘാടകനായ സത്രദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ പരിപാടിയുടെ സംഘാടകനായ സത്രദ്രു ദത്തയുടെ മധ്യസ്ഥനാണ് ഗാംഗുലിയെന്ന് സാഹ ആരോപിച്ചു. ഇതാണ് സൗരവ് ഗാംഗുലിയെ ചൊടിപ്പിച്ചത്.
സാഹയുടെ പ്രസ്താവനകൾ തൻ്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്നും, വസ്തുതാപരമായ അടിസ്ഥാനമില്ലാതെയാണ് ഓരോ കാര്യങ്ങൾ പറഞ്ഞതെന്നും, സൗരവ് ഗാംഗുലി പറഞ്ഞു. "തെറ്റായതും, ദുരുദ്ദേശ്യപരവും, അപകീർത്തികരവുമായ പരാമർശങ്ങൾ" ആണ് ഉത്തം സാഹയുടേതെന്നും, അത്തരത്തിലുള്ള പരാമർശങ്ങൾ കൊണ്ട് തൻ്റെ പ്രശസ്തിക്ക് ബോധപൂർവം കോട്ടം വരുത്തിവച്ചെന്നും സൗരവ് ഗാംഗുലി ആരോപിച്ചു.
മെസ്സി പരിപാടി സംഘടിപ്പിക്കുന്നതിലോ കൈകാര്യം ചെയ്യുന്നതിലോ തനിക്ക് ഔദ്യോഗിക പങ്കില്ലെന്ന് നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്ന ഗാംഗുലി തൻ്റെ പരാതിയിൽ വ്യക്തമാക്കി. സ്റ്റേഡിയത്തിലെ തൻ്റെ സാന്നിധ്യം ക്ഷണിക്കപ്പെട്ട അതിഥിയായിട്ട് മാത്രമെന്നും പരിപാടിയുടെ ആസൂത്രണത്തിലോ നിർവഹണത്തിലോ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഗാംഗുലി വാദിച്ചു.