സുപ്രീം കോടതി  Source: ANI.
NATIONAL

പൊലീസ് സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമായ സിസിടിവികളുടെ അഭാവം, എട്ട് മാസത്തില്‍ 11 കസ്റ്റഡി മരണങ്ങള്‍; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

2020 ഡിസംബറിൽ എല്ലാ പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമായ സിസിടിവി ക്യാമറകളുടെ അഭാവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ദൈനിക് ഭാസ്‌കർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് സ്വമേധയാ നടപടി സ്വീകരിച്ചത്. ദൈനിക് ഭാസ്കറിന്റെ റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം കഴിഞ്ഞ ഏഴ്-എട്ട് മാസത്തിനുള്ളിൽ ഏകദേശം 11 പേരാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്.

2020 ഡിസംബറിൽ, പരംവീർ സിംഗ് സൈനി വേഴ്സസ് ബൽജിത് സിംഗ് കേസിൽ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശ സർക്കാരുകള്‍ അവരുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ റോഹിംഗ്ടൺ ഫാലി നരിമാൻ, കെ.എം. ജോസഫ്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന സിസിടിവികളില്‍ ഓഡിയോ- നൈറ്റ് വിഷന്‍ സംവിധാനം ഉണ്ടായിരിക്കണമെന്നും വിധിന്യായത്തിൽ പറഞ്ഞിരുന്നു.

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), റവന്യൂ ഇന്റലിജൻസ് വകുപ്പ് (ഡിആർഐ), സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) എന്നിവയുടെയും ആളുകളെ ചോദ്യം ചെയ്യുന്ന മറ്റ് കേന്ദ്ര ഏജൻസികളുടെ ഓഫീസുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു.

എന്നാല്‍, ഈ ഉത്തരവ് നടപ്പാക്കുന്നുവോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്ത നിലനില്‍ക്കുന്നു. പല പൊലീസ് സ്റ്റേഷനുകളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ല അല്ലെങ്കിൽ പ്രവർത്തനരഹിതമായി കിടക്കുന്നുവെന്നാണ് ദൈനിക് ഭാസ്കറിന്റെ റിപ്പോർട്ട്.

തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷൻ മർദനത്തിൽ വിവാദം ശക്തമാകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടല്‍ വരുന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

SCROLL FOR NEXT