ന്യൂഡൽഹി: ഡൽഹി സ്ഫോടനക്കേസിൽ പ്രതികളുടെ കൂടുതൽ വെളിപ്പെടുത്തൽ പുറത്ത്. സ്ഫോടനം നടക്കുന്നതിന് മുമ്പ് താനും ഉമറും ചെങ്കോട്ട പരിശോധിച്ചിരുന്നതായി മുഖ്യപ്രതി മുസമ്മിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മുസമ്മിലിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയതായും ഫോണിലെ ഡാറ്റാ ഡമ്പിൽ നിന്ന് വിവരങ്ങൾ ലഭിച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അടുത്ത വർഷം ജനുവരി 26ന് ഒരു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും അതിൻ്റെ ഭാഗമായി ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശം നിരീക്ഷിച്ചിരുന്നതായും മുസമ്മിൽ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.ഈ ദീപാവലിക്ക് തിരക്കേറിയ ഒരു സ്ഥലം ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ അത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും മുസമ്മിൽ പൊലീസിനോട് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ രാജ്യത്തെ നടുക്കിയ സ്ഫോടനത്തിന് കാരണമായ കാറിൽ സഞ്ചരിച്ചിരുന്നത് മുസമ്മലിൻ്റെ സഹായിയും സഹപ്രവർത്തകനുമായ ഉമറായിരുന്നു. ഫരീദാബാദിൽ നിന്നും 2900 കിലോയോളം സ്ഫോടന വസ്തുക്കൾ പിടിച്ചെടുത്ത കേസിലാണ് മുസമ്മലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മുസമ്മലിന് പുറമേ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ഉന്നത വിദ്യാഭ്യാസമുള്ള ഒരു കൂട്ടം മെഡിക്കൽ പ്രൊഫഷണലുകളുടെ പങ്കാളിത്തവും കണ്ടെത്തിയിട്ടുണ്ട്.
ഫണ്ട് ശേഖരണത്തിനും ഏകോപനത്തിനും മറ്റുമായി ഈ സംഘം എൻക്രിപ്റ്റ് ചെയ്ത ചാനലുകളാണ് ഉപയോഗിച്ചുവന്നിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. സാമൂഹിക/ ചാരിറ്റി പ്രവർത്തനങ്ങൾ എന്ന മറവിൽ പ്രൊഫഷണൽ, അക്കാദമിക് നെറ്റ്‌വർക്കുകൾ വഴിയാണ് ഇവർ ഫണ്ട് സ്വരൂപിച്ചിരുന്നത്. ആളുകളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യൽ, ഫണ്ട് സ്വരൂപിക്കൽ, ലോജിസ്റ്റിക്സ് ക്രമീകരണം, ആയുധങ്ങൾ/ വെടിക്കോപ്പുകൾ വാങ്ങൽ, തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.