ധർമസ്ഥലയിൽ പരിശോധന വ്യാപിപ്പിച്ച് അന്വേഷണ സംഘം. തെളിവ് ശേഖരിച്ച സ്ഥലങ്ങൾ പൂർണമായി മൂടി. ആറാമത്തെ കുഴിയിലെ പരിശോധന പൂർത്തിയായി. വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിക്ക് ഒപ്പം മറ്റ് സാക്ഷികളുടെ കൂടി സാന്നിധ്യത്തിൽ മഹസർ നടപടികൾ പൂർത്തിയാക്കി.
സ്ഥലത്ത് നിന്ന് ലഭിച്ച അസ്ഥി കഷണങ്ങൾ ഓരോന്നും വെവ്വേറെ സൂക്ഷിക്കും. മാർക്ക് ചെയ്ത് പ്രത്യേക പ്ലാസ്റ്റിക് ബോക്സുകളിലായിരിക്കും സൂക്ഷിക്കുക. പിന്നീട്, ബയോ സേഫ് ബാഗുകളിൽ ആക്കി ഇത് ലേബൽ ചെയ്യും. ഓരോ നടപടികളും വിശദമായി എസ്‌ഐടി ചിത്രീകരിച്ചിട്ടുണ്ട്. ഈ സ്ഥലത്ത് നിന്ന് കിട്ടിയ മറ്റെല്ലാ വസ്തുക്കളും വെവ്വേറെ സൂക്ഷിക്കും. ഡിജിപിയും എസ്ഐടി തലവനുമായ പ്രണബ് മൊഹന്തി ഉടന്‍ തന്നെ ധർമസ്ഥലയിലെത്തും.
15 അസ്ഥിഭാഗങ്ങളാണ് ധർമസ്ഥലയിലെ ആറാം പോയിൻ്റിലെ പരിശോധനയിൽ നിന്ന് ലഭിച്ചത്. ചില അസ്ഥികൾ പൊട്ടിയ നിലയിലാണുള്ളത്.
അതേസമയം, ഒന്നാമത്തെ സ്പോട്ടിൽ നിന്ന് കണ്ടെത്തിയ പാൻ കാർഡ് 2025-ൽ മരിച്ചയാളുടേതെന്ന് കണ്ടെത്തി. രോഗബാധിതനായി മരിച്ച ഇദ്ദേഹത്തിൻറെ വസ്തുക്കൾ പുഴയിൽ കൊണ്ടുവന്ന് ബന്ധുക്കൾ ഒഴുക്കിയതാകാം എന്നാണ് നിഗമനം. പാൻ കാർഡ് ഉടമയുടെ ബന്ധുക്കളോട് എസ്ഐടി സംഘം സംസാരിച്ചു.
മൂന്നാം ദിവസത്തെ പരിശോധനയിലാണ് അസ്ഥിഭാഗം കണ്ടെത്തിയിരിക്കുന്നത്. മുൻ ക്ഷേത്ര ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ കുഴിച്ചിട്ടതായി കാണിച്ചുകൊടുത്ത സ്ഥലത്ത് ആദ്യ ദിനം അന്വേഷണ സംഘം കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. 13 സ്ഥലങ്ങൾ അടയാളപ്പെടുത്തിയാണ് അന്വേഷണസംഘം പരിശോധന നടത്തുന്നത് ഇതില്‍ ആറാം സ്പോട്ടില്‍ കുഴിയെടുത്ത് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.