ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപനം. വിജയ് സർക്കാറിൻ്റെ ആദ്യ ബജറ്റിലാണ് പരാമർശം. നിലവിലുള്ള കരാറുകൾ, ട്രിബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നാണ് പ്രഖ്യാപനം.
ആന മലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി-കാവേരി നദീ പദ്ധതിയുടെ പൂർത്തീകരണം എന്നിവയ്ക്കായും സർക്കാർ പരിശ്രമിക്കുമെന്നും ബജറ്റിൽ പരാമർശമുണ്ട്. തമിഴ്‌നാടിന്‍റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചത്.
വിദ്യാഭ്യാസ മേഖലയ്ക്ക് വൻ തുകയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നതവിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപയും വകയിരുത്തി. 3,734 സർക്കാർ സ്കൂളുകൾ നവീകരിക്കുന്നതിനായി 300 കോടി രൂപ നീക്കിവെച്ചു. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ മോതിരം നൽകുമെന്നും പ്രഖ്യാപനത്തിലുണ്ട്.
10,000 സ്കൂളുകളിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന സൂപ്പർ ക്ലീൻ, സൂപ്പർ ക്യാമ്പസ് പദ്ധതിക്കായി 139 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സൗജന്യ താമസവും പഠനവും നൽകുന്ന പെരുന്തലൈവർ കാമരാജർ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കായി 125 കോടി രൂപയും നീക്കിവെച്ചു.
മധുരയിൽ പുതിയ സ്പെഷ്യൽ ലോ കോളേജും 90 കോടി ചെലവിൽ അഞ്ച് പുതിയ ഐടിഐകളും ആരംഭിക്കും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക കടം കൂടിയ സാഹചര്യത്തിൽ മദ്യ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്നും ബജറ്റിലുണ്ട്. 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും ബജറ്റിൽ പരാമർശിച്ചിട്ടുണ്ട്.