NATIONAL

തിരുപ്പതി ക്ഷേത്രത്തിൽ വ്യാജ നെയ്യ് കൊണ്ട് 20 കോടി ലഡു നിർമിച്ചു, ആർക്കാണ് വിതരണം ചെയ്തതെന്ന് തിരിച്ചറിയാനാകില്ല: ക്ഷേത്ര ഉദ്യോഗസ്ഥൻ

2019-24 കാലഘട്ടത്തിനിടെ 11 കോടി ഭക്തർ ക്ഷേത്രം സന്ദർശിച്ചതായാണ് കണക്ക്

Author : ന്യൂസ് ഡെസ്ക്

ആന്ധ്ര പ്രദേശ്: തിരുപ്പതി ക്ഷേത്രത്തിൽ മായം ചേർത്ത നെയ്യ് ഉപയോഗിച്ച് ഏകദേശം 20 കോടി ലഡു തയ്യാറാക്കിയതായി റിപ്പോർട്ട്. 2019-2024 കാലയളവിൽ വിതരണം ചെയ്ത 48.76 കോടി ലഡുകളിൽ 20 കോടിയോളം എണ്ണത്തിൽ മായം ചേർത്ത നെയ്യ് ഉപയോഗിച്ചിരുന്നെന്നാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ട്രസ്റ്റ് ബോർഡ് ചെയർമാൻ ബി.ആർ. നായിഡു പറയുന്നത്. ക്ഷേത്ര പ്രസാദത്തിൽ മായം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

ക്ഷേത്രത്തിലെ ദൈനംദിന തിരക്ക്, സംഭരണ ​​വിവരങ്ങൾ, ഉൽപ്പാദന, വിൽപ്പന കണക്കുകൾ എന്നിവ കണക്കാക്കിയാണ് അധികൃതർ 20 കോടി എന്ന കണക്കിലേക്ക് എത്തിച്ചേർന്നത്. 2019-24 കാലഘട്ടത്തിനിടെ 11 കോടി ഭക്തർ ക്ഷേത്രം സന്ദർശിച്ചതായാണ് കണക്ക്. ഈ അഞ്ച് വർഷത്തിനിടെ , മായം ചേർത്ത നെയ്യ് കൊണ്ട് നിർമിച്ച ലഡു ആർക്കാണ് ലഭിച്ചതെന്ന് നിർണയിക്കാൻ ഒരു മാർഗവുമില്ലെന്നാണ് റിപ്പോർട്ടുകൾ.

പാം ഓയിൽ, പാം കേർണൽ ഓയിൽ, മറ്റ് വിഷവസ്തുക്കൾ എന്നിവയുമായി കലർത്തികൊണ്ട് ഏകദേശം 250 കോടി രൂപ വിലമതിക്കുന്ന 68 ലക്ഷം കിലോഗ്രാം മായം ചേർത്ത നെയ്യ് ലഡു നിർമിക്കാൻ ഉപയോഗിച്ചിരുന്നതായി എസ്ഐടി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു പ്രസാദത്തിൽ മായം ചേർത്തെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കേസിൽ അന്വേഷണം തുടരുകയാണ്.

കേസുമായി ബന്ധപ്പെട്ട് മുൻ ടിടിഡി ചെയർമാനും വൈഎസ്ആർസിപി എംപിയുമായ വൈ.വി. സുബ്ബ റെഡ്ഡിയെ എസ്‌ഐടി അടുത്തിടെ എട്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മുൻ സഹായി ചിന്ന അപ്പണ്ണ അറസ്റ്റിലായി.ടിടിഡി മുൻ എക്സിക്യൂട്ടീവ് ഓഫീസർ എവി ധർമ റെഡ്ഡിയെയും എസ്‌ഐടി ചോദ്യം ചെയ്തു.

SCROLL FOR NEXT