NATIONAL

ആഭ്യന്തരപ്രതിസന്ധി രൂക്ഷം; വിമത നീക്കത്തിൽ അടിപതറി തൃണമൂൽ കോൺഗ്രസ്

ഒരുപക്ഷേ മഹാരാഷ്ട്രയിൽ ശിവസേനയ്ക്കും എൻസിപിക്കും സംഭവിച്ചത് തന്നെയാകും തൃണമൂലിനെയും കാത്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: ആഭ്യന്തരപ്രതിസന്ധി രൂക്ഷമാക്കി തൃണമൂൽ കോൺഗ്രസിൽ വിമത നീക്കം ശക്തമാകുകയാണ്. തൃണമൂൽ പുറത്താക്കിയ എംഎൽഎമാരായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും പാർട്ടി എംഎൽഎമാരുമായി ചർച്ച നടത്തി. യഥാർഥ തൃണമൂൽ കോൺഗ്രസെന്ന് അവകാശപ്പെട്ട് സ്‌പീക്കർക്ക് കത്തുനൽകാനാണ് വിമതരുടെ ആലോചന. അതിനിടെ വ്യാജ ഒപ്പ് വിവാദത്തിൽ പതിമൂന്നു തൃണമൂൽ എംഎൽഎമാരുടെ മൊഴി സിഐഡി രേഖപ്പെടുത്തി.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് തൃണമൂൽ കോൺഗ്രസ്. അതിന് ആക്കം കൂട്ടുന്നതാണ് പാർട്ടി എംഎൽഎക്കിടയിലെ വിമത ശബ്ദം. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് എംഎൽഎമാരായ ഋതബ്രത ബാനർജി, സന്ദീപൻ സഹ എന്നിവരെ കഴിഞ്ഞ ദിവസമാണ് തൃണമൂലിൽ നിന്ന് പുറത്താക്കിയത്. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതുമായി ബന്ധപെട്ടു നൽകിയ കത്തിലെ ഒപ്പിൽ പലതും വ്യാജമാണെന്ന് സ്‌പീക്കർക്ക് പരാതി നൽകിയതിനെ തുടർന്നായിരുന്നു നടപടി. പിന്നാലെ ഇരുവരെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പതിനഞ്ചു എംഎൽഎമാർ പങ്കെടുത്തു.

മാൾഡ , മുർഷിദാബാദ് ജില്ലകളിൽ നിന്നുള്ള എംഎൽഎമാരാണ് പങ്കെടുത്തവരിൽ ഏറെയും. എന്നാൽ അൻപതിലധികം എംഎൽമാരുമായി ഇവർ ആശയവിനിമയം നടത്തിയതായാണ് വിവരം. നേതൃത്വത്തെ ചോദ്യം ചെയ്തതിന് നടപടി നേരിട്ട പാർട്ടി വക്താവ് റിജു ദത്തയും ഇവർക്കൊപ്പമുണ്ട് . അതിനിടെ യഥാർത്ഥ തൃണമൂൽ കോൺഗ്രസെന്ന് അവകാശപ്പെട്ട് വിമതർ സ്‌പീക്കർക്ക് കത്തുനൽകിയാൽ, ഒരുപക്ഷേ മഹാരാഷ്ട്രയിൽ ശിവസേനയ്ക്കും എൻസിപിക്കും സംഭവിച്ചത് തന്നെയാകും തൃണമൂലിനെയും കാത്തിരിക്കുന്നത്. വിമത നീക്കങ്ങളെ എങ്ങനെ മമത ബാനർജി തടയിടും എന്നതിനെ ആശ്രയിച്ചാകും തൃണമൂലിന്റെ ഭാവി.

SCROLL FOR NEXT