ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പട്രോളിങ്ങിനിടെ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ കാണാതായി. ഡച്ചാൻ-മർവ മേഖലയിലാണ് സംഭവം. റാഷ്പാൽ കുമാർ, ബാബി ചന്ദ് എന്നിവരെയാണ് കാണാതായത്.
സൈന്യത്തോടൊപ്പം പട്രോളിങ് നടത്തിയിരുന്ന ഇവർ ധേർണ പോസ്റ്റിലേക്ക് മടങ്ങുന്നതിനിടെയാണ് കാണാതായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇവരെ കണ്ടെത്താൻ പൊലീസും സുരക്ഷാസേനയും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
രണ്ട് എസ്‌പിഒമാരെ കാണാതായ സംഭവത്തിന് പിന്നിൽ ഭീകരാക്രമണമോ മറ്റെന്തെങ്കിലും കാരണങ്ങളോ ഉണ്ടോയെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബർ 16ന് വാനിപോര ട്രിഗാമിൽ മറ്റൊരു എസ്‌പിഒയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.