ഡൽഹി: മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാം ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് സഭയിൽ അവതരിപ്പിക്കുന്നത്. തുടർച്ചയായി ഒൻപത് തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രി എന്ന ഖ്യാതിയോടെയാണ് നിർമല സീതാരാമൻ ഇക്കുറി ബജറ്റ് അവതരിപ്പിക്കുക. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഞായറായഴ്ച അവതരിപ്പിക്കുന്ന എന്നതും ഇത്തവണത്തെ ബജറ്റിൻ്റെ പ്രത്യേകതയാണ്. നികുതി പരിഷ്കാരങ്ങൾക്കപ്പുറം ഇന്ത്യയുടെ ആഗോള സാമ്പത്തിക അഭിലാഷങ്ങൾ സാധ്യമാകുന്ന ബജറ്റാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
75 വർഷമായി പിന്തുടരുന്ന കീഴ്‌വഴക്കങ്ങൾ മാറ്റിക്കൊണ്ടാകും നിർമല സീതാരാമൻ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. നികുതി നിർദേശങ്ങൾക്കായി മാറ്റിവെക്കുന്ന ബജറ്റ് പ്രസംഗത്തിൻ്റെ പാർട്ട് ബി, ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ വിശദീകരിക്കുന്ന പ്രധാന ഭാഗമായി മാറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാർട്ട് എ രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതിയെയും പുതിയ പദ്ധതികളെയും കുറിച്ചുള്ളതും പാർട്ട് ബി നികുതി മാറ്റങ്ങളിലും പോളിസി പ്രഖ്യാപനങ്ങളിലും ഒതുങ്ങിനിൽക്കും. എന്നാൽ ഇത്തവണ പാർട്ട് ബിയിൽ ഹ്രസ്വകാല ലക്ഷ്യങ്ങൾക്കൊപ്പം 21-ാം നൂറ്റാണ്ടിൻ്റെ രണ്ടാം പാദത്തിലേക്കുള്ള ഇന്ത്യയുടെ ബൃഹത്തായ സാമ്പത്തിക റോഡ്മാപ്പും മന്ത്രി അവതരിപ്പിക്കും.
യൂറോപ്യൻ യൂണിയനുമായുള്ള കരാറും ട്രംപിൻ്റെ തീരുവ ഭീഷണിയുടെയും പശ്ചാത്തലത്തിൽ ബജറ്റ് രാജ്യത്തെ കയറ്റുമതി ഇറക്കുമതി രംഗത്തെ എങ്ങനെ പരിഗണിക്കുമെന്നതിലാണ് ആകാംഷ. ചെറുകിട വ്യവസായ മേഖലയെയും കാർഷിക രംഗത്തെയും ബജറ്റ് കാര്യമായി പരിഗണിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക മേഖലയിൽ വളർച്ചയുടെ പാതയിലാണെന്ന ഐഎംഎഫിൻ്റെ ഉൾപ്പെടെ വിലയിരുത്തൽ, കൂടുതൽ സ്വകാര്യവത്കരണത്തിന് വഴി തുറക്കുന്ന ബജറ്റിലേക്ക് നയിക്കുമെന്നും വിദഗ്ദർ വിലയിരുത്തുന്നു.
റെയിൽവേ, ആരോഗ്യം തുടങ്ങിയ മേഖലയിലും വിപുലമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും കണക്കു കൂട്ടപ്പെടുന്നു. അടിസ്ഥാന സൗകര്യ വികസനം, ആഭ്യന്തര ഉല്‍പ്പാദന വര്‍ധന എന്നിവയ്ക്കു നടപടികളുണ്ടായേക്കും. ആദായനികുതിയിലെ സ്റ്റാൻഡേഡ് ഡിഡക്‌ഷൻ പരിധി ഉയർത്തുമോ എന്നതും ശ്രദ്ധേയമാകും. തുടർച്ചയായ അഞ്ചാം വർഷമാണ് ബജറ്റ് ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിക്കുന്നത്. കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങൾക്കും പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.