NATIONAL

കേരളത്തിൻ്റെ റെയിൽവേ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ? രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് നാളെ

2026 – 2027 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റാണ് നാളെ ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: 2026-ലെ കേന്ദ്ര ബജറ്റ് നാളെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കെ രാജ്യം ഉറ്റുനോക്കുന്നത് നിർണ്ണായക പ്രഖ്യാപനങ്ങൾക്കായിട്ടാണ്. നാളെ രാവിലെ 11 മണിക്കാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. ഇത്തവണ കേരളത്തിൻ്റെ റെയിൽവേ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ എന്നതാണ് പ്രധാന ചോദ്യം. സിൽവർ ലൈനിന് പകരമായി മുന്നോട്ടുവെച്ച ഹൈസ്പീഡ് റെയിൽ പദ്ധതിയും ശബരി റെയിൽവേയും ബജറ്റിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.

2026 – 2027 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റാണ് നാളെ ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കുന്നത്. നിർമല സീതാരാമൻ്റെ തുടർച്ചയായ ഒൻപതാമത്തെ ബജറ്റാണ് വരാനിരിക്കുന്നത് വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അവതരിപ്പിക്കപ്പെടുന്ന ബജറ്റിൽ വലിയ പ്രതീക്ഷകളാണ് സംസ്ഥാനങ്ങൾക്കുള്ളത്. ട്രംപിൻ്റെ തീരുവ ഭീഷണിയും, യൂറോപ്യൻ യുണിയനുമായുള്ള കരാറിൻ്റെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ബജറ്റ് രാജ്യത്തെ കയറ്റുമതി ഇറക്കുമതി രംഗത്തെ എങ്ങനെ പരിഗണിക്കുമെന്നതിലാണ് ആകാംഷ.

ചെറുകിട വ്യവസായ മേഖലയെയും കാർഷിക രംഗത്തെയും ബജറ്റ് കാര്യമായി പരിഗണിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക മേഖലയിൽ വളർച്ചയുടെ പാതയിലാണെന്ന ഐ എംഎഫിൻ്റെ ഉൾപ്പെടെ വിലയിരുത്തൽ. കൂടുതൽ സ്വകാര്യവത്കരണത്തിന് വഴി തുറക്കുന്ന ബജറ്റിലേക്ക് നയിക്കുമെന്നും വിദഗ്ദർ വിലയിരുത്തുന്നു. റെയിൽവേ, ആരോഗ്യം തുടങ്ങിയ മേഖലയിലും വിപുലമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

കേന്ദ്ര ബജറ്റിൽ കേരളവും വലിയ പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്. യാത്രാദുരിതത്തിന് അറുതി വരുത്താൻ ഒരു അതിവേഗ റെയിൽ പാത അനിവാര്യമാണെന്ന തിരിച്ചറിവിലാണ് സംസ്ഥാനവും കേന്ദ്രവും. മെട്രോമാൻ ഇ. ശ്രീധരൻ നിർദ്ദേശിച്ച പുതിയ ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടുമോ എന്നതാണ് ആകാംക്ഷ. കേരള ബജറ്റിൽ ഇതിൻ്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എൻ. ബാലഗോപാൽ വകയിരുത്തിയിരുന്നു. കേന്ദ്രത്തിൽ നിന്ന് വ്യക്തമായ ഒരു വിഹിതം ഈ ബജറ്റിൽ കേരളം പ്രതീക്ഷിക്കുന്നുണ്ട്.

ഹൈസ്പീഡ് റെയിലിന് പുറമെ പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന ശബരി പാതയുടെ പുനരുജ്ജീവനവും ഇത്തവണത്തെ പട്ടികയിലുണ്ട്. കേന്ദ്രം അടുത്തിടെ ശബരി പാതയ്ക്കുള്ള മരവിപ്പ് നീക്കിയത് ബജറ്റിൽ പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്. വിഴിഞ്ഞം, എയിംസ് തുടങ്ങി സംസ്ഥാനത്തിൻ്റെ പ്രതീക്ഷ ഏറെയാണ്. തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുന്ന ഘട്ടത്തിൽ ഇക്കുറി കാര്യമായ പരിഗണയുണ്ടാകാനാണ് സാധ്യത.

SCROLL FOR NEXT