ഡൽഹി: ആൻ്റി ബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തും.
ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ കൊണ്ടു വരുക. ഡോക്ടർമാരുടെ കുറിപ്പടികൾ ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.
കൂടാതെ ഇനി ഇത്തരം മരുന്നുകൾ നൽകുമ്പോൾ രോഗിയുടെ പേര്, വിലാസം, നിർദേശിച്ച ഡോക്ടറുടെ പേരും രജിസ്ട്രേഷൻ നമ്പറും, നൽകിയ മരുന്നിൻ്റെ അളവ്, തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ പ്രത്യേക രജിസ്റ്റർ മെഡിക്കൽ സ്റ്റോറുകളിൽ സൂക്ഷിക്കേണ്ടതാണ്.
രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന ഈ വിവരങ്ങൾ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും മെഡിക്കൽ സ്റ്റോറുകൾ സൂക്ഷിച്ചുവെക്കണമെന്നും കർശന നിബന്ധനയുണ്ട്. ഇത്തരം മരുന്നുകളുടെ അനധികൃത വിൽപനയെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി. കൂടാതെ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നിൻ്റെ കുറിപ്പടി കാണുന്ന വിധത്തിൽ സിസിടിവി സ്ഥാപിക്കണമെന്നും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.