ഗുജറാത്തിലെ അംറേലിയിൽ പശുവിനെ അറുത്ത കേസിൽ മൂന്നുപേർക്ക് ജീവപര്യന്തവും ആറ് ലക്ഷത്തി എണ്ണായിരം രൂപ പിഴയും ശിക്ഷ. പശു ഇറച്ചി വീട്ടിൽ സൂക്ഷിച്ചു എന്നാരോപിച്ച് ഒരു വന്ദ്യ വയോധികനെ തല്ലിക്കൊന്ന ബിജെപി നേതാവുൾപ്പെടെയുള്ള അക്രമിസംഘത്തെ ഉത്തർപ്രദേശ് സർക്കാർ വെറുതെവിടാൻ പോകുന്നു. ദാദ്രിയിലെ അഖ്ലാഖിന്റെ കൊലപാതകവും തുടർന്നുണ്ടായ സംഭവവികാസങ്ങളും മറക്കാനാകാതെ രാജ്യം.
2015 സെപ്തംബർ 28നുണ്ടായ നിഷ്ഠൂര കൊലപാതകം,മതേതരത്വം, ജനാധിപത്യം തുടങ്ങിയ രാജ്യത്തിന്റെ എല്ലാ അഭിമാന സ്തംഭങ്ങളെയും പിടിച്ചുലച്ച അതിക്രമം. ഉത്തർപ്രദേശിലെ ദാദ്രിയിലുള്ള ബിസാഹ്ഡ ഗ്രാമത്തിൽ പശുവിനെ അറുത്തെന്നും ബീഫ് വീട്ടിൽ സൂക്ഷിച്ചിരിക്കുന്നു എന്നുമുള്ള അഭ്യൂഹങ്ങൾ വരുന്നു. തുടർന്ന് കുറേയാളുകൾ സംഘടിച്ച് അഖ്ലാഖെന്ന 52കാരനെയും അദ്ദേഹത്തിന്റെ മകൻ ഡാനിഷിനെയും വീട്ടിൽ നിന്ന് വലിച്ച് പുറത്തിടുന്നു. പിന്നീടങ്ങോട്ട് ഇഷ്ടികയും വടിയും കത്തിയും കൊണ്ടുള്ള മാരകമായ ആക്രമണം. തലയ്ക്കും നെഞ്ചിനും മാരകമായി മുറിവേറ്റ് അഖ്ലാഖ് കൊല്ലപ്പെട്ടു.
മകൻ ഡാനിഷിന്റെ തലയിൽ തയ്യൽ മെഷീനെടുത്തടിച്ചു.ഡാനിഷും മരിച്ചെന്ന് കരുതി അക്രമിസംഘം പോയി പക്ഷേ നീണ്ട ആശുപത്രി വാസത്തിനുശേഷം അവന് ജീവൻ തിരിച്ചുകിട്ടി. പശുവിനെ കൊന്നു എന്നാരോപിച്ച് നടന്ന അരുംകൊല ഇന്ത്യയിലാകെ വലിയ പ്രതിഷേധങ്ങൾക്ക് വഴി തെളിച്ചു.ഈ നാടിന്റെ പോക്കിതെങ്ങോട്ടാണെന്ന് എല്ലാ തലമുറയിൽപെട്ടവരും ആശങ്കയോടെ നെടുവീർപ്പിട്ടു. വലിയ പ്രതിഷേധങ്ങളുണ്ടായതോടെ പ്രായപൂർത്തിയാകാത്ത മൂന്നുപേരുൾപ്പെടെ 18പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും 84 ദിവസത്തിനുള്ളിൽ 181 പേജുള്ള കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
പക്ഷേ അപ്പോഴാണ് വലിയ യാഥാർഥ്യം നാട് തിരിച്ചറിയുന്നത്. ആൾക്കൂട്ടം വീട്ടിൽ കയറി നടത്തിയ അരംകൊല ശരിയാണെന്നും ഇനിയും ഇങ്ങനെ തന്നെ വേണമെന്നും അഭിപ്രായമുള്ളവരും ഒട്ടുംകുറവല്ല ഈ രാജ്യത്ത് എന്ന യാഥാർഥ്യം.ആൾക്കൂട്ട കൊലപാതകത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളിലൊരാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ച് അസുഖം കാരണം മരിച്ചു. പ്രായപൂർത്തിയായ 14 പേർക്കെതിരെ കുറ്റം ചുമത്തിയതിനുശേഷം 2021 മാർച്ച് 26ന് വിചാരണയാരംഭിച്ചു.
എന്നാൽ യുപിയിലെ യോഗി സർക്കാരിന് ഈ കേസിലുള്ള പ്രത്യേക താൽപര്യം ഓരോ നടപടിയിലും തിരിച്ചറിയാം. കേസിന്നും തെളിവെടുപ്പ് ഘട്ടം വിട്ടുപുറത്തുവന്നിട്ടില്ല. കേസിന് കാര്യമായ പുരോഗതിയുമില്ല. 2022 ജൂണിൽ അഖ്ലാഖിന്റെ മകൾ ഷൈസ്തയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രൂരമായ അതിക്രമത്തിന് ഷൈസ്തയും ഇരയായിരുന്നുഎന്നാൽ മറ്റ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയോ കൊലക്കേസിന്റെ ഏതെങ്കിലും നടപടിക്രമങ്ങൾ പാലിക്കുകയോ ചെയ്തില്ല. പിന്നീട് തെളിവുകളുടെ അഭാവത്തിൽ അലഹാബാദ് ഹൈക്കോടതി കൊലക്കേസിലെ മുഴുവൻ പ്രതികൾക്കും ജാമ്യമനുവദിച്ചു.
ഇപ്പോഴിതാ കൊലക്കുറ്റം അടക്കമുള്ള മുഴുവൻ കുറ്റങ്ങളും പിൻവലിച്ച് കേസിൽ പ്രതിചേർക്കപ്പെട്ട എല്ലവരെയും വെറുതെവിടണമെന്ന് യോഗി ആദിത്യനാഥ് സർക്കാർ വിചാരണക്കോടതിയോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നു. ദാദ്രിയിലെ പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകൻ വിശാൽ റാണയ്ക്കെതിരെയും കൊലക്കുറ്റം നിലനിൽകുന്ന കേസിലണ് യുപി സർക്കാരിന്റെ നീക്കം. ഒരു മനുഷ്യന്റെ വീട്ടിൽ അതിക്രമിച്ച് കയറി അച്ഛനെ കൊല്ലുകയും മകനെ മൃതപ്രായനാക്കുകയും ചെയ്ത കൊടുംകുറ്റവാളികളെ വെറുതെ വിടാനുള്ള സർക്കാരിന്റെ നീക്കം, അത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്നും അതൊരിക്കലും ഉണ്ടാകരുതെന്നും അഖ്ലാഖിന്റെ കുടുംബം ഇതിനകം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചുകഴിഞ്ഞു.
കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യോഗി സർക്കാർ കത്ത് അടുത്തിടെ ലഭിച്ചു എന്നും കേസ് നിലവിൽ പരിഗണിക്കുന്ന സൂരജ്പൂരിലെ അതിവേഗ കോടതിയിൽ കുറ്റങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയതായും അഡീഷണൽ ഡിസ്ട്രിക്ട് ഗവൺമെന്റ് കൗൺസിൽ ഭഗ് സിംഗ് ഭാട്ടിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തല്ലിക്കൊന്നതിനുപിന്നാലെ അഖ്ലാഖിന്റെ വീട്ടിലുള്ളവർക്കുമേൽ പശുയിറച്ചി നിയമവിരുദ്ധമായി സൂക്ഷിച്ചു എന്ന കേസെടുത്ത പൊലീസാണ് യുപിയിലേത്.
എന്നാൽ പിന്നാട് അഖ്ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയായിരുന്നു എന്ന് യുപി വെറ്റേറിനറി വകുപ്പ് റിപ്പോർട്ട് നൽകി. ഇതിനിടെ അഖ്ലാഖ് കേസന്വേഷിച്ചിരുന്ന സുബോധ് സിംഗ് 2018 ഡിസംബറിൽ ബജറംഗ്ദൾ അടക്കമുള്ള തീവ്ര ഹിന്ദു സംഘടനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. അഖ്ലാഖിനെ തല്ലിക്കൊന്ന മുഴുവൻ പേരെയും ആദ്യഘട്ടത്തിൽ പിടികൂടുകയും കൊലക്കുറ്റമടക്കം ചുമത്തുകയും ചെയ്ത ഉദ്യോഗസ്ഥനാണ് സുബോധ് സിംഗ്.