ചെന്നൈ: കരൂരില്‍ തമിഴക വെട്രി കഴകം റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് ധനസാഹം പ്രഖ്യാപിച്ച് വിജയ്. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ വീതവും നല്‍കും.
സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് വിജയ് യുടെ പ്രഖ്യാപനം. കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടം പണം കൊണ്ട് നികത്താനാകില്ലെന്ന് അറിയാമെന്ന് പോസ്റ്റില്‍ വിജയ് പറയുന്നു. കഴിഞ്ഞ ദിവസം കരൂരില്‍ സംഭവിച്ചതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഹൃദയവും മനസും പറയാനാകാത്ത വിധം ഭാരമുള്ളതാകുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ്.
തന്റെ ഹൃദയ വേദന പ്രകടിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. കണ്ണുകളും മനസും ദുഃഖത്താല്‍ മൂടപ്പെട്ടു. മുന്നില്‍ കണ്ട ഓരോ മുഖവും മനസ്സില്‍ നിന്ന് മായുന്നില്ല. തന്നോട് സ്‌നേഹവും കരുതലും കാണിച്ചവരെ കുറിച്ച് ചിന്തിക്കുന്തോറും ഹൃദയം തകരുകയാണ്.
പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവരോട് പറഞ്ഞറിയിക്കാനാവാത്ത വേദനയോടെ അഗാധമായ അനുശോചനം അറിയിക്കുന്നു. നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എത്ര ആശ്വാസവാക്കുകള്‍ പറഞ്ഞാലും പ്രിയപ്പെട്ടവരുടെ നഷ്ടം നികത്താനാകാത്തതാണ്.
നഷ്ടം പണം കൊണ്ട് നികത്താനാകാത്ത നഷ്ടമാണെങ്കിലും നിങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടത് എന്റെ കടമയാണ്. നിങ്ങളുടെ കുടുംബത്തിലെ ഒരാളെന്ന നിലയില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നല്‍കും.
ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാം. എല്ലാവിധ ചികിത്സാ സഹായവും ടിവികെ ഉറപ്പു നല്‍കുന്നുവെന്നും വിജയ് പറഞ്ഞു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. 39 പേരാണ് കരൂരിലെ ടിവികെ റാലിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.