മരിച്ച നമൻഷ് സ്യാൽ  Source: X
NATIONAL

ദുബായ് തേജസ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പൈലറ്റ്; ആരായിരുന്നു വിങ് കമാൻഡർ നമൻഷ് സിയാൽ?

നമൻഷിൻ്റെ ഭാര്യയും വ്യോമസേനാ ഉദ്യോഗസ്ഥ തന്നെയാണ്

Author : ന്യൂസ് ഡെസ്ക്

ദുബായ്: വെള്ളിയാഴ്ചയുണ്ടായ തേജസ് വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത് വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ് സ്യാലിന്. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ. ഇദ്ദേഹത്തിൻ്റെ ഭാര്യയും വ്യോമസേനാ ഉദ്യോഗസ്ഥ തന്നെയാണ്. ഇവർക്ക് ആറ് വയസ്സുള്ള മകളുമുണ്ട്.

ഹാമിർപൂർ ജില്ലയിലെ സുജൻപൂർ തിറയിലുള്ള സൈനിക് സ്കൂളിലായിരുന്നു നമൻഷ് സിയാൽ തൻ്റെ സ്കൂൾ വിദ്യാഭ്യാസം നടത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹത്തിൻ്റെ പിതാവും ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചിരുന്നു. "നമൻഷ് സിയലിന്റെ മാതാപിതാക്കൾ നിലവിൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂർ വ്യോമസേനാ സ്റ്റേഷനിലാണ്," നമൻഷ് സിയലിന്റെ ബന്ധുവായ രമേശ് കുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

"നമൻഷിൻ്റെ ഭാര്യയും വ്യോമസേനയിലാണ് ജോലി ചെയ്യുന്നത്. നിലവിൽ അവർ ഒരു കോഴ്‌സിനായി കൊൽക്കത്തയിലാണ്. അദ്ദേഹത്തിന്റെ പിതാവ് ജഗന്നാഥ് സിയാൽ ഇന്ത്യൻ ആർമിയുടെ മെഡിക്കൽ കോർപ്‌സിൽ സേവനമനുഷ്ഠിച്ചു. പിന്നീട് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്ത് പ്രിൻസിപ്പലായി വിരമിച്ചു," നമൻഷിൻ്റെ ബന്ധു പറയുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്നു വീണത്. ഉച്ചയ്ക്ക് 2.10ഓടെയായിരുന്നു അപകടം. എയർഷോയിൽ നടന്ന പ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് നിലം പതിക്കുകയായിരുന്നു.

SCROLL FOR NEXT