മുംബൈ: നാഗ്പൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി നാല് കുട്ടികളുടെ അമ്മയായ പുഷ്പ വാഘ്‌മോര്‍. എന്നാല്‍ മഹാരാഷ്ട്രയിലെ നഗരസഭാ തെരഞ്ഞെടുപ്പ് നിയമനുസരിച്ച് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് മത്സരിക്കാനാവില്ല.
1995ലെ മഹാരാഷ്ട്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍-മുന്‍സിപ്പല്‍ കൗണ്‍സില്‍, നഗര്‍ പഞ്ചായത്ത്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ആക്ട് പ്രകാരം ഈ തെരഞ്ഞെടുപ്പുകളില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് മത്സരിക്കാനാവില്ല.
സൗത്ത് വെസ്റ്റ് നാഗ്പൂരിലെ 36-ാം വാര്‍ഡില്‍ നിന്ന് എന്‍സിപി (ശരദ് പവാര്‍) ടിക്കറ്റിലാണ് പുഷ്പ വാഘ്‌മോര്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ തന്റെ പേരില്‍ വിവാദം ഉയര്‍ന്നതോടെ താന്‍ ആദ്യമായാണ് മത്സരിക്കുന്നതെന്നും നിയമങ്ങളെക്കുറിച്ച് അറിയില്ലെന്നും പുഷ്പ പറഞ്ഞു.
'12-ാം ക്ലാസ് വരേെയ പഠിച്ചിട്ടുള്ളു. ആദ്യമായാണ് മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ നിയമം ഒന്നും അറിയേണ്ട കാര്യം എനിക്കില്ല. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് മത്സിക്കാന്‍ കഴിയില്ലെന്ന കാര്യം മാത്രമാണ് അറിയുന്നത്. പക്ഷെ ഞാന്‍ അല്ല അതിന് അപേക്ഷിച്ചതും. അവര്‍ എൻ്റെ നോമിനേഷന്‍ സ്വീകരിച്ചു. അത് എൻ്റെ തെറ്റാണോ? എൻ്റേതല്ലാത്ത ഒരു തെറ്റിൻ്റെ പേരില്‍ ഒന്നും ഞാന്‍ അനുഭവിക്കാന്‍ പോകുന്നില്ല. എന്തുവന്നാലും നോക്കാം എന്ന നിലയിലാണ് ഉള്ളത്,' സ്ഥാനാര്‍ഥിയായ പുഷ്പ പറഞ്ഞു.
വിജയിച്ചു കഴിഞ്ഞാല്‍ ഈ നൂലാമാലകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനും പുഷ്പ രസകരമായ മറുപടിയാണ് നല്‍കിയത്. അതൊക്കെ നോമിനേഷന്‍ സ്വീകരിച്ച ഉദ്യോഗസ്ഥരോട് പോയി ചോദിക്കൂ എന്നായിരുന്നു പുഷ്പയുടെ മറുപടി. ഇവിടുത്തെ ജനങ്ങള്‍ക്ക് തന്നെ വേണമെന്നും നേരത്തെ വിജയിപ്പിച്ചവര്‍ ഇവിടുത്തെ ഒരു കാര്യവും ചെയ്തിട്ടില്ലെന്നും പുഷ്പ പ്രതികരിച്ചു.