Source: X
NATIONAL

10 വയസുകാരിയായ മകളോട് ഇൻഡിഗോ ഫ്ലൈറ്റ് ജീവനക്കാർ പെരുമാറിയത് വളരെ മോശമായി; പരാതിയുമായി നീലേഷ് മിശ്ര

കുട്ടിയെ അവഹേളിക്കുന്നതും അപമാനിക്കുന്നതുമായ പരാമർശങ്ങൾ ഫ്ലൈറ്റ് അറ്റൻഡൻ്റ് നടത്തിയതായും മിശ്ര പറഞ്ഞു

Author : വിന്നി പ്രകാശ്

ഒറ്റയ്ക്ക് യാത്ര ചെയ്ത 10 വയസുകാരിയായ മകളോട് ഇൻഡിഗോ ജീവനക്കാർ വളരെ മോശമായി പെരുമാറിയെന്ന ആരോപണവുമായി എഴുത്തുകാരൻ നീലേഷ് മിശ്ര. ലഖ്‌നൗവിൽ നിന്ന് ഗോവയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ക്യാബിൻ ക്രൂവിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നതെന്നും നീലേഷ് മിശ്ര എക്സ പോസ്റ്റിൽ കുറിച്ചു.കുട്ടിയെ അവഹേളിക്കുന്നതും അപമാനിക്കുന്നതുമായ പരാമർശങ്ങൾ ഫ്ലൈറ്റ് അറ്റൻഡൻ്റ് നടത്തിയതായും മിശ്ര പറഞ്ഞു.

മകൾ ഭക്ഷണത്തിൻ്റെ കാര്യത്തിൽ പിടിവാശിക്കാരിയാണെന്നും നിനക്ക് കണ്ണുകളില്ലേ? പോയി ഭക്ഷണം കഴിക്കൂ! എന്നിട്ട് നിൻ്റെ ഫ്ലൈറ്റ് മിസ്സാക്കൂ" എന്ന് ഫ്ലൈറ്റ് അറ്റൻഡൻ്റ് പ്രതികരിച്ചതായും മിശ്ര ആരോപിച്ചു. സ്റ്റാഫ് അംഗത്തോട് താൻ നേരിട്ട് സംസാരിച്ചിട്ടും അവരുടെ മനോഭാവത്തിൽ മാറ്റമില്ലായിരുന്നുവെന്നും മിശ്ര പറഞ്ഞു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻ്റെ എയർസേവ ഹാൻഡിലിനെ ടാഗ് ചെയ്തു കൊണ്ടാണ് മിശ്ര പോസ്റ്റ് പങ്കുവെച്ചത്.

ഈ വിഷയം ഞങ്ങൾ മുൻഗണനാക്രമത്തിൽ എടുക്കുന്നുണ്ടെന്നും വിശദാംശങ്ങൾ സമഗ്രമായി അവലോകനം ചെയ്യുമെന്നും ഇൻഡിഗോ മിശ്രയുടെ പോസ്റ്റിന് മറുപടി നൽകി. പിന്നീട് നടത്തിയ അവലോകനത്തിന് ശേഷം, ഇൻഡിഗോ കൂടുതൽ വിശദമായ ഒരു പ്രസ്താവന പുറത്തിറക്കി. കുട്ടിക്ക് യാത്രയിലുടനീളം പരിചരണവും സഹായവും ലഭിച്ചുവെന്നും ജീവനക്കാർ എല്ലായ്‌പ്പോഴും മര്യാദയോടെയും ശ്രദ്ധയോടെയും കുട്ടിയെ പരിചരിച്ചിരുന്നുവെന്നുമായിരുന്നു ഇൻഡിഗോയുടെ വിശദീകരണം.

ബോർഡിംഗ് സമയം അടുത്തപ്പോൾ, കുട്ടി അടുത്തുള്ള ഭക്ഷണശാലകൾ സന്ദർശിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും സമയം കുറവായിരുന്നിട്ടും തങ്ങളുടെ ടീം അംഗങ്ങൾ ക്ഷമയോടെ കാത്തിരുന്ന് കുട്ടി സുരക്ഷിതമായി വിമാനത്തിൽ കയറിയെന്ന് ഉറപ്പ് വരുത്തിയതായും ഇൻഡിഗോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

എന്നാൽ നിങ്ങളുടെ ജീവനക്കാരെയും പ്രോട്ടോക്കോളുകളെയും പ്രതിരോധിക്കേണ്ടതിൻ്റെ ആവശ്യകത ഞാൻ മനസ്സിലാക്കുന്നുവെന്നും എന്നാൽ, താൻ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുന്നതിൽ എയർലൈനിൻ്റെ വിശദീകരണം പരാജയപ്പെട്ടുവെന്നുമായിരുന്നു ഇതിനോട് മിശ്രയുടെ പ്രതികരണം. കുട്ടികളെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവദിക്കുമ്പോൾ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പോസ്റ്റിൽ ഉപദേശിച്ചു.

ഈ സംഭവം ഓൺലൈനിൽ വ്യാപകമായ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. കുട്ടിയെ അനുകൂലിച്ചും ഇൻഡിഗോയുടെ മോശം സമീപനം പരാമർശിച്ചും നിരവധി പേരാണ് പോസ്റ്റിനടിയിൽ കമൻ്റുകളുമായെത്തിയത്.

SCROLL FOR NEXT