850 കോടി ഡോളറിന്‍റെ ഡിസ്‌നി റിലയൻസ് കരാർ സംശയത്തിൽ. വിയോജിപ്പു പ്രഖാപിച്ച് കോംപറ്റീഷൻ കമ്മിഷനും ബിസിസിഐയും രംഗത്തെത്തി. ടിവി, ഒടിടി വിപണിയുടെ 40 ശതമാനം പുതിയ സംരംഭം കയ്യടക്കുന്നതോടെ കുത്തക രൂപപ്പെടും എന്നതാണ് കോംപറ്റീഷൻ കമ്മീഷൻ എതിർക്കാനുള്ള കാരണം.
വാൾട്ട് ഡിസ്‌നിയുടെ സ്റ്റാർ ഇന്ത്യയും മുകേഷ് അംബാനി ചെയർമാനായിട്ടുള്ള റിലയൻസ് ഇൻഡസ്ട്രീസിൻ്റെ വയാകോം 18ഉം തമ്മിലുള്ള കരാറാണ് സംശയത്തിൻ്റെ നിഴലിലായത്. ഇരു കമ്പനികളുടെയും കൂടിച്ചേരലിലൂടെ റിലയന്‍സ് ജിയോ സിനിമ എന്ന ഒരൊറ്റ ഒടിടി പ്ലാറ്റ്‌ഫോം മാത്രം നിലനിര്‍ത്താനായിരുന്നു നീക്കം. ഫെബ്രുവരിയിലാണ് റിലയൻസും ഡിസ്നിയും പ്രഖ്യാപനം നടത്തിയത്. എന്നാൽ കരാറിനു വെല്ലുവിളിയായി ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ കോംപറ്റീഷൻ കമ്മീഷൻ. ഇന്ത്യന്‍ ഒടിടി വിനോദ മാധ്യമരംഗം റിലയന്‍സിന്റെ കുത്തകയാകുമെന്ന ഭയമാണ് സിസിഐയെ അസ്വസ്ഥമാക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടാതിരിക്കാനുളള കാരണം ബോധിപ്പിക്കാൻ 30 ദിവസത്തെ സാവകാശം സിസിഐ ഇരുകമ്പനികള്‍ക്കും നല്‍കിയിട്ടുണ്ട്.
പരസ്യദാതാക്കളുടെ മേലുള്ള നിയന്ത്രണവും, ക്രിക്കറ്റ് സംപ്രേഷണത്തിൽ വരുന്ന അധികാരമാറ്റങ്ങളും ബിസിസിഐയെയും ആശങ്കയിലാക്കുന്നു. ഡിസ്നി ഹോട്ട് സ്റ്റാറും റിലയൻസും ചേർന്ന് ഒരൊറ്റ കമ്പനിയായി മാറുന്നതോടെ ടിവി, ഒടിടി മാര്‍ക്കറ്റിന്റെ 40 ശതമാനം വിപണി വിഹിതം പുതിയ സംരംഭത്തിനായിരിക്കും. ഇത് മാധ്യമ രംഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.
READ MORE: യുഎഇയിലെ പൊതുവിദ്യാലയങ്ങളിലെ മാറ്റം സ്വകാര്യ വിദ്യാലയങ്ങൾക്കും കൂടി ബാധകമാക്കണമെന്ന് രക്ഷിതാക്കൾ