ഇനി കാർഷിക സേവനങ്ങൾക്ക് ഏകജാലക സംവിധാനം. സംസ്ഥാന കൃഷി വകുപ്പ് തയാറാക്കിയ കതിർ ആപ്പ് ചിങ്ങം ഒന്ന് കർഷകദിനത്തിൽ നിലവിൽ വരും. കർഷകർക്ക് കാർഷിക വിദഗ്ധരുമായി ആശയ വിനിമയം നടത്താമെന്നതാണ് ആപ്പിൻ്റെ പ്രത്യേകത.
READ MORE: അടിച്ചമര്‍ത്തലുകളെ അതിജീവിച്ച ഒരു നൂറ്റാണ്ട് കാലത്തെ പോരാട്ടം; സ്വാതന്ത്ര്യസമരം നാള്‍വഴികള്‍
കേരള അഗ്രികൾചർ ടെക്നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി എന്നതിന്റെ ചുരുക്ക പേരാണ് കതിർ. വെബ് പോർട്ടലായും, മൊബൈൽ ആപ്ലിക്കേഷനായും പ്രയോജനപ്പെടുത്താം. ആപ്പ് പൂർണതോതിൽ പ്രയോജനപ്പെടുത്തിയാൽ ഉൽപാദനോപാധികളുടെ ഉപയോഗം, നൂതന സാങ്കേതിക വിദ്യകളുടെ സഹായത്താൽ പരിമിതപ്പെടുത്താനാവും. ഇതിലൂടെ കാർഷിക ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് കൃഷിവകുപ്പിന്റെ പ്രതീക്ഷ. കർഷക ദിനമായ ചിങ്ങം ഒന്നിന് ആപ്പ് നിലവിൽ വരും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകട സാധ്യത കുറയ്ക്കുക, കൃഷി സംരക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും സേവനങ്ങളും നൽകുക, ഒരൊറ്റ പ്ലാറ്റ്ഫോമിൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ഏകീകരിക്കുക, കാലാവസ്ഥ അധിഷ്ഠിതമായി വിളകൾ കണ്ടെത്തുക തുടങ്ങിയവയാണ് ആപ്പ് ലക്ഷ്യമിടുന്നത്. കൂടാതെ വിള ഇൻഷുറൻസ്, സാമ്പത്തിക സേവനങ്ങൾ, വിപണി, സാങ്കേതിക വിവരങ്ങൾ എന്നിവ പ്രയോജനപ്പെടുത്താനുള്ള തടസം മാറുമെന്നും വകുപ്പ് പ്രതീക്ഷിക്കുന്നു.