NEWSROOM

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെ ചൊല്ലി പാർലമെൻ്റിൽ പ്രതിപക്ഷ പ്രതിഷേധം; എട്ട് എംപിമാർക്ക് സസ്പെൻഷൻ

പ്രധാനമന്ത്രി ഇന്ത്യയെ വിറ്റെന്ന് ആയിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ പാർലമെൻ്റിൻ്റെ ഇരു സഭകളിലും ശക്തമായ പ്രതിഷേധം ഉയർത്തി പ്രതിപക്ഷം. രാജ്യത്തെ ഇരുട്ടിൽ നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന് വഴങ്ങിക്കൊടുത്തെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി ഇന്ത്യയെ വിറ്റെന്ന് ആയിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.

കോൺഗ്രസിൻ്റെ അടിന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി. വ്യാപാര കരാറിനെ ചൊല്ലി ലോക്സഭ പ്രക്ഷുബ്ധമായതോടെ സഭ നാളെ വരെ പിരിഞ്ഞു. ലോക്‌സഭയിൽ കടലാസ് കീറിയെറിഞ്ഞ് പ്രതിഷേധിച്ച എട്ട് കോൺഗ്രസ് എംപിമാർക്ക് സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. ഏഴ് കോൺഗ്രസ് എംപിമാരും തമിഴ്നാട്ടിൽ നിന്നുള്ള ഒരു സിപിഐഎം എംപിയും ഇക്കൂട്ടത്തിലുണ്ട്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും ഡീൻ കുര്യക്കോസും ഈ ലിസ്റ്റിലുണ്ട്.

രാജ്യം എല്ലാം അറിയുന്നത് വാഷിങ്ടണിൽ നിന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി ട്രംപ് അല്ലെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ വിമര്‍ശനം.

കരാര്‍ ഒപ്പിട്ടതിന് പിന്നാലെ എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തിനെത്തിയ മോദിയെ എംപിമാര്‍ മാലയിട്ട് സ്വീകരിച്ചു. അതേസമയം സർക്കാർ പാർലമെൻ്റിൽ വിശദീകരിക്കുമെന്ന് ജെ.പി. നദ്ദ പറഞ്ഞു. പ്രതിപക്ഷത്തിന് ഇച്ഛാഭംഗമെന്നും നദ്ദ തിരിച്ചടിച്ചു.

SCROLL FOR NEXT