NEWSROOM

പാരിസ് ഒളിംപിക്സ്: പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യക്ക് തോല്‍വി; ഇനി വെങ്കല പോരാട്ടം

സെമിയിൽ കരുത്തരായ ജർമ്മനിയാണ് ഇന്ത്യയെ പരാജയപ്പെട്ടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജർമ്മനിയുടെ ജയം

Author : ന്യൂസ് ഡെസ്ക്

പാരിസ് ഒളിംപിക്സ് പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി. സെമിയിൽ കരുത്തരായ ജർമനിയാണ് ഇന്ത്യയെ പരാജയപ്പെട്ടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജർമനിയുടെ ജയം. വെങ്കലമെഡലിനായുള്ള പോരാട്ടത്തിൽ ഇന്ത്യ ഇനി സ്പെയിനിനെ നേരിടും.

ടോക്കിയോ ഒളിംപിക്സിലെ വെങ്കലനേട്ടം സ്വർണമാക്കാനിറങ്ങിയ ഇന്ത്യ,  ലോക രണ്ടാം നമ്പർ ടീമായ ജർമനിയെ വിറപ്പിച്ചാണ് തുടങ്ങിയത്. ആദ്യം ഗോൾ നേടിയത് പതിവുപോലെ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്. പെനാല്‍റ്റി കോർണർ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു ക്യാപ്റ്റന്‍. ഗോള്‍ വഴങ്ങിയതും ജർമന്‍ ആക്രമണ നിര ഉണർന്നു. എന്നാല്‍ ആദ്യ ക്വാർട്ടറില്‍ ഇന്ത്യന്‍ പ്രതിരോധത്തെ മറികടക്കാന്‍ അവർക്ക് സാധിച്ചില്ല. ഒരു ഗോളിന് ഇന്ത്യ മുന്നിട്ടു നിന്നു.


എന്നാല്‍ രണ്ടാം ക്വാർട്ടറില്‍ എല്ലാം മാറിമറിഞ്ഞു. മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ ഗോണ്‍സാലോ പെയില്ലറ്റ് ജർമനിക്ക് വേണ്ടി സമനില ഗോള്‍ നേടി. ലളിത് കുമാർ, അഭിഷേക് എന്നിവരിലൂടെ തിരിച്ചുവരാന്‍ ഇന്ത്യ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. 27-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റഫർ റുയിർ വീണ്ടും ഇന്ത്യന്‍ വല കുലുക്കി.

മൂന്നാം ക്വാർട്ടറിൽ 36-ാം മിനിറ്റില്‍ സുഖ്‌ജീത്തിൻ്റെ ഗോളിലൂടെ ഇന്ത്യ തിരിച്ചടിച്ചു. തുടർന്ന് നിരവധിയവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഇന്ത്യയ്ക്ക് ഫിനിഷിംഗിൽ പിഴച്ചു. ഒടുവില്‍, 54-ാം മനിറ്റില്‍ മാർക്കോ മില്‍ട്കോവ് ജർമനിയുടെ വിജയഗോൾ നേടി. അങ്ങനെ ഇന്ത്യയുടെ ഫൈനല്‍ സ്വപ്നങ്ങള്‍ അവസാനിച്ചു. ഇന്ത്യ ഇനി വെങ്കലമെഡൽ പോരാട്ടത്തിൽ സ്പെയിനുമായി ഏറ്റുമുട്ടും. ഫൈനലിൽ നെതർലൻഡ്‌സിനെയാണ് ജർമനി നേരിടുക.

SCROLL FOR NEXT