NEWSROOM

അവസാന ടെസ്റ്റിൽ ഹോം ബോയ് ഉസ്മാൻ ഖ്വാജയ്ക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി സിഡ്നിയിലെ കാണികൾ, വീഡിയോ

ഖ്വാജ ഗ്രൗണ്ടിലേക്ക് വരുമ്പോൾ ബിഗ് സ്ക്രീനിൽ 'നന്ദി ഉസ്മാൻ ഖ്വാജ' എന്ന വലിയ പോസ്റ്ററും തെളിഞ്ഞു നിന്നു.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

സിഡ്നി: കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനായി ബാറ്റ് ചെയ്യാനിറങ്ങിയ ഉസ്മാൻ ഖ്വാജയ്ക്ക് നിറഞ്ഞ കയ്യടികളോടെ വരവേൽപ്പ് നൽകി സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ കാണികൾ. താരം കളിച്ചുവളർന്ന ഹോം ഗ്രൗണ്ടാണിത്. ഖ്വാജ ഗ്രൗണ്ടിലേക്ക് വരുമ്പോൾ ബിഗ് സ്ക്രീനിൽ 'നന്ദി ഉസ്മാൻ ഖ്വാജ' എന്ന ചിത്രവും തെളിഞ്ഞു.

കാണികൾ എല്ലാവരും എണീറ്റ് നിന്നാണ് പ്രിയതാരത്തിൻ്റെ അവസാന മാച്ചിൽ ആദരമറിയിച്ചത്. ഈ സമയം എണീറ്റ് നിന്ന് കയ്യടിക്കുന്ന ഖ്വാജയുടെ ഭാര്യയുടേയും കുഞ്ഞിൻ്റേയും വീഡിയോയും ടെലിവിഷൻ ദൃശ്യങ്ങളിൽ തെളിഞ്ഞു.

39 വയസുകാരനായ ഖ്വാജയ്ക്കും കുടുംബത്തിനും മറക്കാനാവാത്ത യാത്രയയപ്പാണ് സിഡ്നിയിലെ കാണികൾ ഒരുക്കിയത്. ഒന്നാമിന്നിങ്സിൽ 17 റൺസെടുത്ത് താരം പുറത്തായിരുന്നു.

ഇംഗ്ലീഷ് പേസർ ബ്രൈഡൻ കാർസിൻ്റെ ഇൻസ്വിങ്ങിങ് പന്തിൽ ലെഗ് ബിഫോറായി പുറത്താകുമ്പോഴും സിഡ്നിയിലെ കാണികൾ സ്റ്റാൻഡിങ് ഓവേഷൻ നൽകിയാണ് പ്രിയതാരത്തെ മടക്കി അയച്ചത്. വികാരഭരിതനായാണ് താരം ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ 3-1ന് മുന്നിലാണ് ഓസ്ട്രേലിയ. രണ്ട് ദിവസം കൂടി ശേഷിക്കെ ലീഡ് ഉയർത്താനാണ് കംഗാരുപ്പടയുടെ ശ്രമം. അതേസമയം, സിഡ്നി ടെസ്റ്റ് ജയിച്ച് അഭിമാനം രക്ഷിക്കാനാണ് ഇംഗ്ലണ്ട് പരിശ്രമിക്കുന്നത്.

SCROLL FOR NEXT