

2026 കായികരംഗത്തിന് മറക്കാനാകാത്തൊരു വർഷമായിരിക്കും. ക്രിക്കറ്റിലും ഫുട്ബോളിലുമെല്ലാം ലോകകപ്പുകൾ നടക്കുന്ന വർഷം. ഇക്കുറി ഫെബ്രുവരിയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഒരു ഇന്ത്യ-പാക് സ്വപ്ന ഫൈനൽ വരുമോ? അതിൽ ആർത്തിരമ്പുന്ന സമുദ്രം കണക്കെയുള്ള ഗ്യാലറികളെ സാക്ഷിയാക്കി സഞ്ജു സാംസൻ്റെ സിക്സറിൽ നീലപ്പട മൂന്നാം ടി20 ലോകകപ്പ് നേടുമോ...!!
ഏഷ്യൻ മണ്ണിൽ വീണ്ടുമൊരു ടി20 ലോകകപ്പ് കൊടുങ്കാറ്റിന് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകർ. സ്വന്തം നാട്ടിലെ കാണികൾക്ക് മുന്നിൽ... മൂന്നാം ടി20 ലോകകപ്പ് നേടി ക്രിക്കറ്റിൽ പുതുചരിത്രം രചിക്കാൻ സഞ്ജുവിനും കൂട്ടർക്കും കഴിയുമോ? ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഇംഗ്ലണ്ടും പാകിസ്ഥാനുമെല്ലാം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ടീം ഇന്ത്യക്കാകുമോ ?
കരീബിയൻ മണ്ണിൽ രണ്ടാം ടി20 ലോകകപ്പ് നേടിയ നീലപ്പടയ്ക്ക് ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമാകില്ല. രോഹിത്തും കോഹ്‌ലിയുമില്ലാതെ ഒരു ഐസിസി കിരീടം കൂടി നേടാനുള്ള മനക്കരുത്ത് ഗംഭീറിൻ്റെ പുതിയ ടീമിനുണ്ടോ? അങ്ങനെ ചോദ്യങ്ങളനവധി ശേഷിക്കുമ്പോൾ.. ലോകകപ്പിന് മുന്നോടിയായി കിരീട സാധ്യതയുള്ള അഞ്ച് ടീമുകളെ അവലോകനം ചെയ്തുകൊണ്ടുള്ള പവർ റാങ്കിങ് നോക്കാം..
ഈ ലോകകപ്പിലെ ഒന്നാം സ്ഥാനത്തുള്ള ഫാൻസ് ഫേവറിറ്റുകൾ ടീം ഇന്ത്യ തന്നെയാണ്. മാച്ച് വിന്നർമാരുടെ നീണ്ടനിരയാണ് ഇന്ത്യയുടെ ലോകകപ്പ് ടീമിനെ ഒന്നാമത് നിർത്തുന്നത്. കളിയുടെ സമസ്ത മേഖലകളിലും എതിരാളികളെ അടിച്ചിരുത്താൻ പ്രാപ്തിയുള്ള താരങ്ങളാൽ സമ്പന്നമാണ് ടീം ഇന്ത്യയുടെ 15 അംഗ സ്ക്വാഡ്. ഐസിസിയുടെ ടി20 റാങ്കിങ്ങിലെ ടോപ്പർമാരാണ് സൂര്യകുമാർ നയിക്കുന്ന ടീം ഇന്ത്യ. പാകിസ്ഥാൻ ഉൾപ്പെടുന്ന ഗ്രൂപ്പ് എ യിൽ ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ കാര്യമായ എതിരാളികളില്ല. എന്നാൽ, രാജ്യത്തെ ആർത്തിരമ്പുന്ന സ്റ്റേഡിയങ്ങൾക്ക് നടുവിൽ നിന്ന് നോക്കൗട്ട് ഘട്ടത്തിലെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ടീമിന് കഴിയുമോ എന്നത് മാത്രമാണ് നീലപ്പട നേരിടാൻ പോകുന്ന യഥാർഥ പരീക്ഷണം.
റൺസ് വരൾച്ച കൊണ്ട് മോടി നഷ്ടപ്പെട്ട, യുഎസും വെസ്റ്റ് ഇൻഡീസും ആതിഥേയത്വം വഹിച്ച 2024 ലോകകപ്പിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇത്തവണത്തേത്. ഇന്ത്യയിലേയും കൊളംബോയിലേയും വരണ്ട പിച്ചുകളിൽ റൺമഴ ഒഴുക്കാൻ പ്രാപ്തിയുള്ള മികച്ച ബാറ്റിങ് സ്ക്വാഡ് ഇന്ത്യക്കുണ്ട്. സ്പിന്നർമാർക്ക് ആനുകൂല്യം ലഭിക്കുന്ന ഏഷ്യൻ പിച്ചുകളിൽ വരുൺ ചക്രവർത്തിയും കുൽദീപും നയിക്കുന്ന സ്പിൻ ആക്രമണനിര ഏറെ നിർണായകമായ പങ്കുവഹിക്കുമെന്നുറപ്പാണ്.
ഓപ്പണിങ്ങിൽ അഭിഷേക് ശർമയും സഞ്ജു സാംസണും ചേർന്നൊരുക്കുന്ന ബാറ്റിങ് വെടിക്കെട്ട് പൂരമാകും ഇന്ത്യയുടെ കിരീട പ്രതീക്ഷകൾക്ക് തിരികൊളുത്തുക. 2024 ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാനാകാത്ത സൂപ്പർ താരം സഞ്ജു സാംസണ് ഇക്കുറി സ്വന്തം കാണികൾക്ക് മുന്നിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറെന്ന നിലയിൽ സഞ്ജു ആദ്യ മത്സരം മുതൽ കളിക്കാനുണ്ടാകുമെന്ന് ഉറപ്പാണ്. കിട്ടുന്ന അവസരങ്ങൾ സഞ്ജു മുതലെടുത്തില്ലെങ്കിൽ സ്വാഭാവികമായും ഇഷാൻ കിഷന് ഗംഭീറിൻ്റെ വിളിയെത്തും.
ടോപ് ഓർഡറിൽ സൂര്യകുമാർ യാദവ്, തിലക് വർമ, ഇഷാൻ കിഷൻ എന്നിവരെ പോലുള്ള ബാറ്റർമാർക്ക് മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ പ്രാപ്തിയുണ്ട്. ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലൂടെ ക്യാപ്റ്റൻ സൂര്യ കൂടി ഫോമിൽ തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാറ്റു കൊണ്ടും ബോളു കൊണ്ടും ഒരുപോലെ തിളങ്ങാനാകുന്ന ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ എന്നിവരുടെ സാന്നിധ്യവും മധ്യനിരയിൽ ബാറ്റിങ് ഓർഡറിന് കരുത്തേകും. ഈ ലോകകപ്പിൽ ഇന്ത്യ കപ്പടിക്കുകയാണെങ്കിൽ പ്ലേയർ ഓഫ് ദി സീരീസാകാൻ ഏറ്റവും സാധ്യതയുള്ള താരം ഹാർദിക് പാണ്ഡ്യയാണ്. ഈ സ്ഥാനത്ത് ഹാർദികിന് വെല്ലുവിളി ഉയർത്താൻ അക്സറും ശിവം ദുബെയും പരസ്പരം മത്സരിക്കുന്നുമുണ്ട്.
ഐസിസി റാങ്കിങ്ങിലെ നമ്പർ വൺ ബൗളർ വരുൺ ചക്രവർത്തി നയിക്കുന്ന ഇന്ത്യൻ ബൗളിങ് യൂണിറ്റ് അതിശക്തമാണ്. വിക്കറ്റ് ടേക്കിങ് സ്പിന്നർമാരായ അക്സർ പട്ടേൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവർക്കൊപ്പം പാർട്ട് ടൈം സ്പിന്നറായി അഭിഷേക് ശർമയും പന്തെറിയാനെത്തും. ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങും നയിക്കുന്ന പേസ് യൂണിറ്റിൽ വിക്കറ്റെടുക്കുന്ന ഹാർദിക് പാണ്ഡ്യ, ഹർഷിത് റാണ, ശിവം ദുബെ എന്നിവരുടെ സേവനവും നിർണായകമാകും.
മിച്ചൽ മാർഷ് നയിക്കുന്ന ഓസീസിൻ്റെ 15 അംഗ സാധ്യതാ ടീമിനെ കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. പരിക്കിൻ്റെ പിടിയിലുള്ള കംഗാരുപ്പടയിൽ അന്തിമ ഇലവനിൽ ഇനിയും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. ടി20 ഫോർമാറ്റിൽ നിന്നും വിരമിച്ച പേസർ മിച്ചെൽ സ്റ്റാർക്ക് ഇല്ലാതെയാണ് ഓസീസ് ലോകകപ്പിന് വരുന്നത്. പരിക്ക് വലയ്ക്കുന്ന ജോഷ് ഹേസിൽവുഡിനെയും പാറ്റ് കമ്മിൻസിനെയും ടിം ഡേവിഡിനെയുമെല്ലാം ഉൾപ്പെടുത്തിയാണ് ഓസ്ട്രേലിയൻ സ്ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ഇന്ത്യയിലെയും ശ്രീലങ്കയിലെയും സാഹചര്യങ്ങൾ ധൈര്യത്തോടെ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള കളിക്കാരുടെ സംഘമാണിതെന്നാണ് ഓസ്‌ട്രേലിയൻ സെലക്ടർ ജോർജ്ജ് ബെയ്‌ലി വ്യക്തമാക്കുന്നത്. നിലവിൽ ഐസിസി റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരായ ഓസീസ് ടീമിൽ കൂടുതലും പുതുതലമുറക്കാരാണ്. ട്രാവിഡ് ഹെഡ്, ടിം ഡേവിഡ്, കാമറൂൺ ഗ്രീൻ, ജോഷ് ഇംഗ്ലിസ് എന്നീ കൂറ്റനടിക്കാർക്ക് പുറമെ ഗ്ലെൻ മാക്സ്‌വെൽ കൂടിയെത്തുന്നത് അവരുടെ ബാറ്റിങ്ങിന് ആഴം നൽകുന്നുണ്ട്. അതേസമയം, ഇന്ത്യൻ പിച്ചുകളിൽ തിളങ്ങാനാകുന്ന വൈവിധ്യമാർന്ന സ്പിന്നർമാരെ കൂടി ഉൾപ്പെടുത്തിയാണ് ഓസീസ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ആദം സാംപ നയിക്കുന്ന സ്പിൻ ആക്രമണനിരയിൽ മാത്യു കുഹ്നെമാൻ, കൂപ്പർ കോണോളി, ഓൾറൗണ്ടർമാരായ ഗ്ലെൻ മാക്‌സ്‌വെൽ, മാത്യു ഷോർട്ട് എന്നിവരും നിർണായക പ്രകടനം നടത്തും.
ഹാരി ബ്രൂക്ക് നയിക്കുന്ന ഇംഗ്ലണ്ടും ശക്തരാണ്. ഐസിസി റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരായ ഇംഗ്ലീഷ് പടയിൽ നിരവധി മാച്ച് വിന്നർമാരുണ്ട്. ഫിൽ സോൾട്ട്, ജോസ് ബട്ട്‌ലർ, ബെൻ ഡക്കറ്റ്, ജേക്കബ് ബെഥേൽ എന്നിവരടങ്ങിയ ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റർമാരാൽ സമ്പന്നരാണ്. സോൾട്ടും ബട്ട്‌ലറും തുടങ്ങിവെക്കുന്ന വെടിക്കെട്ട് തുടക്കത്തിനൊത്ത് കത്തിക്കയറാൻ മധ്യനിരയ്ക്ക് കൂടി സാധിച്ചാൽ ഇംഗ്ലണ്ടിനെ ഈ ലോകകപ്പിൽ പിടിച്ചാൽ കിട്ടില്ലെന്നുറപ്പാണ്.
ജോഫ്ര ആർച്ചർ നയിക്കുന്ന പേസ് പടയിൽ സാം കറൻ, ജാമി ഓവർട്ടൺ, ജോഷ് ടങ്, ലൂക്ക് വുഡ് എന്നിവരുടെ സാന്നിധ്യം നിർണായകമാകും. ആഷസ് പരമ്പരയിലും ദി ഹണ്ട്രഡ് ടൂർണമെൻ്റിലും പുറത്തെടുത്ത മികവാണ് ജോഷ് ടങ്ങിനെ ലോകകപ്പ് സ്ക്വാഡിലെത്തിച്ചത്. ആദിൽ റഷീദ് നയിക്കുന്ന സ്പിൻ ആക്രമണത്തെ പിന്തുണയ്ക്കാൻ ഇടങ്കയ്യൻ സ്പെഷ്യലിസ്റ്റ് ഓർത്തഡോക്സ് സ്പിന്നറായ ലിയാം ഡോസണുമുണ്ട്.
ടി20 ലോകകപ്പിനെത്തുന്ന ടീമുകളിൽ ഏറ്റവും സന്തുലിതമായ ടീമാണ് ദക്ഷിണാഫ്രിക്ക. നേരത്തെ ഇന്ത്യൻ പര്യടനം നടത്തിയ ടീമിൽ ഭൂരിഭാഗം പേരും ഈ ലോകകപ്പിനെത്തുന്നുണ്ട്. ഓൾറൗണ്ടർമാരാൽ സമ്പന്നമാണ് പ്രോട്ടീസ് ടി20 സ്ക്വാഡ്. തങ്ങളുടേതായ ദിവസങ്ങളിൽ എതിരാളികളുടെ ഉറക്കം കെടുത്താൻ പ്രാപ്തിയുള്ള പ്രകടനം അവർ പുറത്തെടുത്തേക്കാം.
ഇന്ത്യൻ പര്യടനത്തിനിടെ പരിക്കേറ്റ കഗീസോ റബാഡ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എയ്ഡൻ മാർക്രം നയിക്കുന്ന 15 അംഗ ടീമിൽ ബാറ്റർമാരായി ക്വിൻ്റൺ ഡീകോക്ക്, ഡിവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡോണോവൻ ഫെരേര, ജോർജ് ലിൻഡെ, ടോണി ഡി സോർസി എന്നിവർ ഇടംപിടിച്ചിട്ടുണ്ട്.
മാർക്കോ ജാൻസണും ലുങ്കി എങ്കിടിയും റബാഡയും നയിക്കുന്ന പേസ് ബൗളിങ് നിരയിലേക്ക് സൗത്ത് ആഫ്രിക്കൻ ടി20 ലീഗിൽ തിളങ്ങിയ ആൻറിച്ച് നോർട്ടെ കൂടി തിരിച്ചെത്തിയിട്ടുണ്ട്. കോർബിൻ ബോഷും ജേസൺ സ്മിത്തും കൂടി ചേരുമ്പോൾ ബൗളിങ് ഡിപ്പാർട്ട്മെൻ്റ് അതിശക്തമാണ്.
മിച്ചെൽ സാൻ്റ്നർ നയിക്കുന്ന ന്യൂസിലൻഡ് ക്രിക്കറ്റ് ടീം 2026 ടി20 ലോകകപ്പിനുള്ള സ്ക്വാഡ് ഇതേവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എതിരാളികൾ ഭീഷണിയാകുമെന്നതിൽ സംശയമൊന്നുമില്ല. ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷമാകും ടീമിൻ്റെ പ്രഖ്യാപനമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്കാലത്തേയും പോലെ മാച്ച് വിന്നർമാരായ ഓൾറൗണ്ടർമാരുടെ സാന്നിധ്യമാണ് കീവീസ് ടീമിനെ ശക്തരാക്കുന്നത്.
ഡെവൺ കോൺവേയും രചിൻ രവീന്ദ്രയും നൽകുന്ന നൽകുന്ന സ്ഫോടനാത്മകമായ തുടക്കമാണ് കീവീസിൻ്റെ കരുത്ത്. മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്‌മാൻ, ജേക്കബ് ഡഫി, സാക്ക് ഫോൾക്സ്, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ബെവൺ ജേക്കബ്സ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, ഗ്ലെൻ ഫിലിപ്സ് എന്നിവരൊക്കെയും ബാറ്റു കൊണ്ടും ബോള് കൊണ്ടും മത്സരത്തിൽ ഇംപാക്ട് സൃഷ്ടിക്കാൻ പ്രാപ്തിയുള്ളവരാണ്. ടിം റോബിൻസണെ പോലുള്ള സമീപകാലത്ത് ടി20 ഫോർമാറ്റിൽ സെഞ്ച്വറി നേടിയ ബാറ്റർമാരുടെ സാന്നിധ്യവും ന്യൂസിലൻഡിനെ അപകടകാരികളാക്കുന്നുണ്ട്. നായകൻ മിച്ചെൽ സാൻ്റ്നർ നയിക്കുന്ന സ്പിൻ ആക്രമണത്തിൽ ഇന്ത്യൻ വംശജനായ ഇഷ് സോധിയുടെ ലെഗ് ബ്രേക്കുകളും നിർണായകമാകും.