NEWSROOM

നഴ്‌സറിയിൽ വിദ്യാർഥിനികൾക്കെതിരെ ലൈംഗിക പീഡനം; താനെയിൽ പ്രതിഷേധം ശക്തം

സ്കൂളിലെ ശുചീകരണത്തൊഴിലാളിയാണ് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര താനെയിലെ നഴ്‌സറി സ്കൂളിൽ നാല് വയസുകാരായ രണ്ട് വിദ്യാർഥിനികൾക്കെതിരെ ലൈംഗിക പീഡനം. സ്കൂളിലെ ശുചീകരണത്തൊഴിലാളിയാണ് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയായ അക്ഷയ് ഷിൻഡെയെ കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് റിമാൻഡിൽ വിട്ടു.

ഓഗസ്റ്റ് 12, 13 തീയതികളിൽ ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. രണ്ട് കുട്ടികളും പേടിച്ച് നഴ്സറിയിൽ പോകാൻ വിസമ്മതിച്ചതോടെയാണ് ഇതേക്കുറിച്ച്  വിവരം പുറത്തുവന്നത്. പെരുമാറ്റം ശ്രദ്ധിച്ച രക്ഷിതാക്കൾ സംസാരിച്ചപ്പോഴാണ് പെൺകുട്ടികൾ പീഡന വിവരം വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി പെൺകുട്ടികളുടെ രക്ഷിതാക്കൾ പരാതി സമർപ്പിച്ചത് പ്രകാരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസിൻ്റെ അന്വേഷണത്തിൽ സ്കൂൾ സുരക്ഷാ നടപടികളിൽ കാര്യമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടികളുടെ ശുചിമുറിയിൽ വനിതാ അറ്റൻഡർമാർ ഇല്ലായിരുന്നുവെന്നും, സംഭവം നടന്ന ദിവസം സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നുവെന്നും സ്കൂൾ അധികൃതർ പൊലീസിനെ അറിയിച്ചിരുന്നു. കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉത്തരവിട്ടു. ലൈംഗികാതിക്രമക്കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാന്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉത്തരവിട്ടു.

പീഡന പരാതി ഉയർന്നുവന്ന സാഹചര്യത്തിൽ പ്രിൻസിപ്പാൾ, ക്ലാസ് ടീച്ചർ എന്നിവരെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. സംഭവം നടന്ന സ്കൂൾ പ്രതിഷേധക്കാർ അടപ്പിച്ചു. സംഭവത്തിൽ മഹാരാഷ്ട്രയിൽ പ്രതിഷേധം ശക്തമാകുകയാണ്. ബദ്ലാപൂരിൽ കടകൾ അടച്ചും, ട്രെയിൻ തടഞ്ഞും പ്രതിഷേധം അക്രമാസക്തമാകുകയാണ്.

SCROLL FOR NEXT