NEWSROOM

'ആരെ പ്രീതിപ്പെടുത്താൻ എന്നെ നാടുകടത്തിയോ അവരാൽ ഷെയ്ഖ് ഹസീനയും പുറത്താക്കപ്പെട്ടു'; പരിഹസിച്ച് തസ്ലിമ നസ്രീൻ

പാകിസ്ഥാനെപ്പോലെ ബംഗ്ലാദേശിലും സൈനിക ഭരണം ഏർപ്പെടുത്തരുത്. രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യവും മതേതരത്വവും ഉറപ്പാക്കണം എന്നും തസ്ലിമ നസ്രീൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ രാജിവെച്ച് പലായനം ചെയ്യേണ്ടിവന്ന മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പരിഹസിച്ച് എഴുത്തുകാരി തസ്ലിമ നസ്രീൻ. ഇസ്ലാമിസ്റ്റുകളെ പ്രതീപ്പെടുത്താൻ വേണ്ടി ഒരിക്കൽ ബംഗ്ലാദേശിൽ നിന്നു തന്നെ പുറത്താക്കി. ആരെ പ്രീണിപ്പെടുത്താനാണോ തന്നെ പുറത്താക്കിയത് അവരാൽ തന്നെ ഹസീനയും രാജ്യത്തു നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നെന്ന് തസ്ലിമ നസ്രീൻ പറഞ്ഞു.

'1999 ൽ മരണക്കിടക്കയിലായിരുന്ന അമ്മയെ കാണാൻ ബംഗ്ലാദേശിൽ പ്രവേശിച്ച എന്നെ ഇസ്‌ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താൻ ഹസീന രാജ്യത്ത് നിന്ന് പുറത്താക്കി, പിന്നീട് ഒരിക്കലും എന്നെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിച്ചില്ല. ഇപ്പോഴിതാ ഹസീനയെ രാജ്യം വിടാൻ നിർബന്ധിതയാക്കിയ വിദ്യാർഥി പ്രസ്ഥാനത്തിലും ഇസ്ലാമിസ്റ്റുകൾ ഉണ്ടായിരുന്നു- തസ്ലിമ നസ്രീൻ സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. 

അഴിമതിയിൽ ഏർപ്പെട്ടിരുന്ന ഇസ്ലാമിസ്റ്റുകളെ വളരാൻ അനുവദിച്ചത് ഷെയ്ഖ് ഹസീനയാണ്. സ്വന്തം രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിൽ അഭയം പ്രാപിക്കേണ്ട അവസ്ഥയ്ക്ക് വഴിയൊരുക്കിയത് ഹസീന തന്നെയാണെന്നും എഴുത്തുകാരി കുറ്റപ്പെടുത്തി. പാകിസ്ഥാനെപ്പോലെ ബംഗ്ലാദേശിലും സൈനിക ഭരണം ഏർപ്പെടുത്തരുത്. രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യവും, മതേതരത്വവും ഉറപ്പാക്കണമെന്നും തസ്ലിമ കൂട്ടിച്ചേർത്തു.

തസ്ലിമ നസ്രിൻ്റെ "ലജ്ജ" എന്ന പുസ്തകം ബംഗ്ലാദേശിൽ ഏറെ വിവാദത്തിനിടയാക്കിയിരുന്നു. തുടർന്ന് മതമൗലികവാദികളുടെ വധഭീഷണിയുടെ പശ്ചാത്തലത്തിൽ 1994-ൽ നസ്രീന് ബംഗ്ലാദേശ് വിടേണ്ടി വന്നു. 1993-ൽ എഴുതിയ പുസ്തകം ബംഗ്ലാദേശിൽ നിരോധിക്കപ്പെട്ടെങ്കിലും ലോകമെമ്പാടും ബെസ്റ്റ് സെല്ലറായി. കഴിഞ്ഞ 20 വർഷമായി തസ്ലിമ നസ്രീൻ പ്രവാസ ജീവിതം നയിക്കുകയാണ്.

അതേസമയം, ലണ്ടനിൽ അഭയം ലഭിക്കുന്നതുവരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സഹോദരിക്കാപ്പം ഹസീനയുള്ളത്. പ്രക്ഷോഭം കണക്കിലെടുത്ത് ഇന്ത്യയുടെ അതിർത്തിപ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 

SCROLL FOR NEXT