സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി തയ്യാറാക്കിയ 'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്' ഉടന്‍ പുറത്തുവിടണമെന്ന വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് പ്രതീക്ഷ നല്‍കുന്നുവെന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രതിനിധി ദീദി ദാമോദരന്‍. നമ്മുടെയൊക്കെ നികുതി പണം വിനിയോഗിച്ച് ഇത്തരത്തിലൊരു കമ്മിഷന്‍ രൂപീകരിച്ചിട്ട് അതിന്‍റെ റിപ്പോര്‍ട്ട് കോള്‍ഡ് സ്റ്റോറേജില്‍ വെക്കുന്നത് ഏതൊരു നികുതി ദായകനും ചോദ്യം ചെയ്യേണ്ട വിഷയമാണ്. കാസ്റ്റിങ് കൗച്ചിലേക്ക് മാത്രം ഈ വിഷയത്തിന്‍റെ ശ്രദ്ധ തിരിച്ചുവിടുന്നതിന് പിന്നില്‍ മറ്റ് താല്‍പര്യങ്ങളുണ്ടെന്നും ദീദി ന്യൂസ് മലയാളത്തോട് പറഞ്ഞു.
"കാസ്റ്റിങ് കൗച്ചിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അതിലാണ് ന്യൂസ് വാല്യൂ എന്ന് കരുതുന്നതു കൊണ്ടാവാം. ഒരു സ്ത്രീക്ക് തൊഴിലെടുക്കുന്ന സ്ഥലത്ത് ഈ രാജ്യത്തെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതില്ല എന്ന് വിചാരിക്കുന്ന ഏക ഇന്‍ഡസ്ട്രി സിനിമയാണ്. ഏത് മേഖലയിലെയും പോലെ സിനിമയിലും ഈ നിയമം പാലിക്കപ്പെടണമെന്നതിന് വേണ്ടിയാണ് ഞങ്ങളുടെ ശ്രമം. അതിന്‍റെ ഭാഗമായാണ് ഒരു കമ്മിറ്റി രൂപികരിക്കപ്പെടുന്നതും. ഏത് സിനിമാ പോളിസി നോക്കിയാലും അതിലൊന്നും സ്ത്രീകളെ കുറിച്ചുള്ള പരാമര്‍ശമില്ല. സ്ത്രീകള്‍ക്ക് അവരുടെ തൊഴിലിടം കംഫര്‍ട്ടബിളാണോ, ഇൻ്റേഷണൽ കമ്മിറ്റികള്‍ (ഐ.സി) എല്ലായിടത്തുമുള്ളതു പോലെ സിനിമയിലുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും ഈ പറയുന്ന സിനിമ പോളിസികളില്‍ ഇല്ല. കുറഞ്ഞ പക്ഷം സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാനുള്ള സൗകര്യമെങ്കിലും തൊഴിലിടത്തില്‍ ഉണ്ടോ എന്നതു പോലും ആരുടെയും കണ്‍സേണ്‍ ആകാതിരിക്കെയാണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് വരുന്നത്. അതിലൊരുപാട് തലങ്ങളുണ്ട്, അതിലൊന്ന് മാത്രമാണ് കാസ്റ്റിങ് കൗച്ച്. അതിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതുകൊണ്ട് ഇതിലൊക്കെ മാറ്റം വരുമെന്ന തെറ്റിധാരണ ഞങ്ങള്‍ക്കില്ല.
നമ്മുടെയൊക്കെ നികുതി പണം വിനിയോഗിച്ച് ഇത്തരത്തിലൊരു കമ്മിഷന്‍ രൂപീകരിച്ചിട്ട് അതിന്‍റെ റിപ്പോര്‍ട്ട് കോള്‍ഡ് സ്റ്റോറേജില്‍ വെക്കുന്നത് ഏതൊരു നികുതി ദായകനും അഡ്രസ് ചെയ്യേണ്ട വിഷയമാണ്. അത് പുറത്തുവരേണ്ടത് അത്രത്തോളം പ്രധാനമാണ്. ചര്‍ച്ചയ്ക്ക് വേണ്ടിയെങ്കിലും ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത് സന്തോഷമുള്ള കാര്യമാണ്.
ഏതെങ്കിലും ഒരു സിനിമാ സെറ്റില്‍ ഇൻ്റേഷണൽ കമ്മിറ്റി ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ സന്തോഷം. സ്ത്രീകളെ സംരക്ഷിക്കാന്‍ ഈ നാട്ടില്‍ നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ലല്ലോ ഇവിടെ സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നതും കൊല്ലപ്പെടുന്നതുമൊക്കെ. നിയമം ഇവിടെ പാലിക്കേണ്ടതില്ലെന്ന ഒരു ഇന്‍ഡസ്ട്രിയുടെ ധാര്‍ഷ്ഠ്യത്തിന് ഏറ്റ തിരിച്ചടി കൂടിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അത് എല്ലാവരുടെയും അവകാശം കൂടിയാണ്.
മറ്റ് ഏതു തൊഴിലിടം പോലെയും, സിനിമയും സ്ത്രീ സൗഹൃദമാകണം എന്നതാണ് ഇതില്‍ പ്രധാനം. സ്ത്രീകള്‍ക്ക് പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍, അവരുടെ സ്വകാര്യത സംരക്ഷിച്ച് കൊണ്ടുവേണം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടാന്‍. അത് അങ്ങനെ തന്നെ ആയിരിക്കും എന്ന് ഉറപ്പാണ്. കാരണം കമ്മീഷനിലെ അംഗങ്ങള്‍ സ്ത്രീകളാണല്ലോ. റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം പുറത്തുവരണം അത് ചര്‍ച്ച ചെയ്യപ്പെടണം.
ഇതൊരു ആണുങ്ങളുടെ ലോകമാണല്ലോ, അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടല്ലാതെ ഇവിടെ ഒന്നും നടപ്പാക്കി കാണുന്നില്ല. ഇത്തവണ പാര്‍ലമെന്‍റിലേക്ക് കേരളത്തില്‍ നിന്ന് ഒരു സ്ത്രീയും പോകേണ്ടതില്ല എന്ന് തീരുമാനിച്ച നാട്ടില്‍, ഇതൊക്കെ ഇത്ര കൃത്യമായി നടപ്പാക്കും എന്ന് കരുതുന്നില്ല. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളില്‍ ഏതൊക്കെ പുറത്തുവിടണമെന്ന് പരിശോധിക്കാന്‍ ഒരു മേല്‍കമ്മിറ്റി ചലച്ചിത്ര അക്കാദമിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ചെങ്കിലും ഒന്നും മുന്നോട്ട് പോയില്ല.
ഡബ്ല്യൂ.സി.സിയെ എതൊക്കെ തരത്തില്‍ വിമര്‍ശിച്ചാലും, ഞങ്ങള്‍ മുന്നോട്ടുവെച്ച പല കാര്യങ്ങളും ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ളതാണ്. കഴിയുന്ന സ്ഥലത്തെല്ലാം അത് ഉയര്‍ത്തിപ്പിടിക്കും. പെട്ടെന്നല്ലെങ്കിലും കാലക്രമേണ അതിന് ഫലപ്രാപ്തി ഉണ്ടാകുന്നു എന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പോരാട്ടം അവസാനിച്ചാല്‍ അപ്പോൾ തീരും ഇതെല്ലാം. അതുകൊണ്ടാണ് ഇപ്പോഴും മുന്നോട്ട് പോകുന്നത്," ദീദി ദാമോദരന്‍ പറഞ്ഞു.
ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ഉത്തരവ് നടപ്പാക്കുന്നുവെന്ന് സാംസ്‌കാരിക വകുപ്പ് ഉറപ്പുവരുത്തണമെന്ന്, ഇന്ന് പുറത്തുവന്ന റിപ്പോർട്ടിൽ വിവരാവകാശ കമ്മിഷന്‍ പ്രത്യേകം വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടിലെ സ്വകാര്യ വിവരങ്ങള്‍ ഒഴികെ മറ്റൊന്നും മറച്ചുവെക്കരുതെന്നും കമ്മിഷന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ സിനിമാ മേഖലയിലെ ആരുടെയും പേരു വിവരങ്ങള്‍ ഇല്ലെന്നും, റിപ്പോര്‍ട്ടിലുള്ളത് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ മാത്രമാണെന്നും കമ്മിഷന്‍ അറിയിച്ചു. ആര്‍ക്കെതിരെയാണ് പരാതി എന്ന സൂചനയും റിപ്പോര്‍ട്ടിലില്ല. അതോടൊപ്പം പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികള്‍ മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. ഏതാനും ചില മെസേജുകളും ഫോട്ടോകളും റിപ്പോര്‍ട്ടിലുണ്ട്. സിനിമാ മേഖലയിലെ പ്രമുഖരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ഹേമ കമ്മിഷന്‍ വ്യക്തമാക്കി. 2019ലാണ് ഹേമ കമ്മിഷന്‍ റിപ്പോർട്ട് സമർപ്പിച്ചത്.