യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട കമല ഹാരിസ്, ദേശീയ കൺവെൻഷനിൽ ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇത് വെടിനിർത്തലിനും ബന്ദിമോചനത്തിനുമുള്ള സമയമാണ്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിൻ്റെ അവകാശത്തിനായി ഞാൻ എപ്പോഴും നിലകൊള്ളും. എന്നാൽ, ഗാസയിൽ സംഭവിച്ചത് വിനാശകരവും, ഹൃദയഭേദകവുമാണ്. പ്രസിഡൻ്റ് ബൈഡനും ഞാനും ഇസ്രയേൽ സുരക്ഷിതമാകാനും, ബന്ധികൾ മോചിപ്പിക്കപ്പെടാനും, ഗാസയിലെ ദുരിതം അവസാനിപ്പിക്കാനും, പലസ്തീനികൾക്ക് അവരുടെ ആത്മാഭിമാനവും, സുരക്ഷിതത്വവും, സ്വാതന്ത്ര്യവും തിരികെ ലഭിക്കാനും വേണ്ടി പരിശ്രമം തുടരുകയാണെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. ബന്ദി മോചനത്തിന് തീരുമാനം നിർണായകമെന്നും ബൈഡൻ ഇസ്രായേലിനെ അറിയിച്ചു. കൈറോയിൽ നടക്കുന്ന സമാധാന ചർച്ചയ്ക്ക് മുന്നോടിയായാണ് ബൈഡൻ നെതന്യാഹുവിന് നിർദേശം നൽകിയത്. ഹമാസ് - ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കയുടെ പുതിയ നിർദേശങ്ങളുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കണും ഇസ്രയേൽ സന്ദർശിച്ചിരുന്നു. യു.എസ് മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇസ്രയേൽ അംഗീകരിച്ചെന്നും യുദ്ധം അവസാനിപ്പിക്കാൻ ഹമാസും തയ്യാറാകണമെന്നുമാണ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ആൻ്റണി ബ്ലിങ്കൺ പ്രതികരിച്ചത്.
ആറാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ തീരുമാനിച്ചിരുന്നെങ്കിലും, ഗാസയിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളിൽ 50 പേർ ഗാസയിൽ കൊല്ലപ്പെട്ടിരുന്നു. മധ്യഗാസയിലെ ദെയ്ർ അൽ ബലായിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രദേശത്ത് ആക്രമണം കടുപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ നിയന്ത്രണത്തിലുള്ള ഗോലാൻ കുന്നുകളിലേക്ക് ഹിസ്ബുള്ളയും റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.
READ MORE: ഇറാന് ഇസ്രയേലിനെ ആക്രമിച്ചേക്കും; മുന്നറിയിപ്പുമായി യുഎസ്, എന്തിനും തയ്യാറെന്ന് നെതന്യാഹു