NEWSROOM

വിലങ്ങാട് ഉരുൾപൊട്ടൽ: മേഖലയിലെ ആവാസ യോഗ്യതാ പരിശോധന ഇന്ന് നടക്കും

ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് മേഖലയിൽ ജില്ലാ കളക്ടർ നിയമിച്ച പ്രത്യേക സംഘം കെട്ടിടങ്ങളുടെ തറയുടെ ഉറപ്പ്, ചുമരിൻ്റെ ബലം, മേൽക്കൂര എന്നിവ പരിശോധിക്കും

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് വിലങ്ങാടും സമീപ പഞ്ചായത്തുകളിലും ഉരുൾപൊട്ടൽ ബാധിച്ച കെട്ടിടങ്ങളുടെ ആവാസ യോഗ്യതാ പരിശോധനയ്ക്കായി നാല് പ്രത്യേക സംഘങ്ങളെ ജില്ലാ കളക്ടർ നിയമിച്ചു. ഉരുൾപൊട്ടൽ ബാധിത മേഖലയിലെ ഓരോ വീടും, മറ്റ് കെട്ടിടങ്ങളും സംഘം ഇന്നുമുതൽ പരിശോധിക്കും. ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് മേഖലയിൽ ജില്ലാ കളക്ടർ നിയമിച്ച പ്രത്യേക സംഘം കെട്ടിടങ്ങളുടെ തറയുടെ ഉറപ്പ്, ചുമരിൻ്റെ ബലം, മേൽക്കൂര എന്നിവ പരിശോധിക്കും. കെട്ടിടത്തിൻ്റെ ബലക്ഷയം സംബന്ധിച്ചും പരിശോധനകൾ നടത്തും. ഉരുൾപൊട്ടലിൽ ഒഴുകിവന്ന ഉരുളൻ കല്ലുകളും ചെളിയും മണ്ണും ചേർന്നടിഞ്ഞ അവശിഷ്ടം കെട്ടിടങ്ങൾക്ക് ഭീഷണിയാണോ എന്നും പരിശോധിക്കും. ഓരോ സംഘത്തിലും ആറു പേർ വീതമാണുള്ളത്. ഇതിൽ ജിയോളജിസ്റ്റ്, പഞ്ചായത്ത് അംഗം, പഞ്ചായത്തിലെ എൻജിനീയർ, ഹെൽത്ത് ഇൻസ്പെക്ടർ, വില്ലേജ് ഓഫീസർ, പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ എന്നിവരാണുള്ളത്. ഓഗസ്റ്റ് 19നകം പരിശോധന പൂർത്തിയാക്കി സംഘങ്ങൾ വടകര ആർഡിഒയ്ക്ക് റിപ്പോർട്ട്‌ നൽകും.

ഇതോടൊപ്പം വിദഗ്ധ സംഘത്തിൻ്റെ പരിശോധനയും വിലങ്ങാട് മൂന്ന് ദിവസമായി തുടരുകയാണ്. ഭൗമ ശാസ്ത്ര വിഭാഗത്തിലെ നാല് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. പ്രദേശം ഇനി വാസയോഗ്യമാണോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. ഈ മാസം 20 ന് സംഘം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകും.

നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതായി നാളെ ക്യാമ്പുകൾ സംഘടിപ്പിക്കും. ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ നൽകാനുള്ള പ്രത്യേക അദാലത്ത് നാളെ വിലങ്ങാട് സെൻ്റ് ജോർജ് ഹൈസ്കൂളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിൽ വിവിധ വകുപ്പുകളുടെ 12ലേറെ കൗണ്ടറുകൾ ഉണ്ടാകും. ഇന്ന് മുതൽ ഉരുട്ടി പാലം വഴി ബസുകൾ കടത്തി വിടും. ഇതോടെ ഉരുൾ പൊട്ടൽ ഉണ്ടായി 16 ദിവസത്തിന് ശേഷം ബസുകൾ വിലങ്ങാട് എത്തും.

SCROLL FOR NEXT