ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പുറത്തുവിട്ട ഭാഗം ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. റിപ്പോർട്ട് പുറത്തു വിടാന്‍ കാലതാമസമുണ്ടായതില്‍ പ്രതിപക്ഷ നേതാവ് സംസ്ഥാന സർക്കാരിനെ വിമർശിച്ചു. സർക്കാർ ചെയ്തത് ഗുരുതരമായ കുറ്റമാണെന്നും ഇത്രയും തെളിവുകൾ ഉണ്ടായിട്ടും നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്നും വി. ഡി സതീശന്‍ ചോദിച്ചു.
നാലരവർഷം റിപ്പോർട്ട് പുറത്തു വിടാതെ സർക്കാർ എന്തിനു അടയിരുന്നു. ഇത്ര വലിയ സ്ത്രീ വിരുദ്ധത നടന്നിട്ട് ആരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് വ്യക്തമാക്കണം. സിനിമ മേഖലയില്‍ ചൂഷണം വ്യാപകമാണെന്നും വി. ഡി സതീശന്‍ പറഞ്ഞു. റിപ്പോർട്ടില്‍ പറയുന്ന ശുപാര്‍ശകളിൽ അടിയന്തരമായി നടപടിയെടുക്കണം. ഇതിനായി വനിത ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ നിയോഗിക്കണം. തെറ്റ് ചെയ്തവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരേണ്ടത് സർക്കാരിന്‍റെ ചുമതലയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ALSO READ: പവര്‍ ഗ്രൂപ്പ് മുതല്‍ കാസ്റ്റിങ് കൗച്ച് വരെ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഒറ്റനോട്ടത്തില്‍..
സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയും കാസ്റ്റിങ് കൗച്ചും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അടക്കമുള്ളവര്‍ നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളും എല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കമ്മിറ്റി രൂപീകരിച്ച് നാലര വർഷങ്ങൾക്കിപ്പുറമാണ് റിപ്പോർട്ട് പുറത്തുവരുന്നത്. 2017 ജൂലായ് ഒന്നിനാണ് കമ്മറ്റി നിലവിൽ വരുന്നത്. കേരള ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്ജി കെ. ഹേമയുടെ നേതൃത്വലുള്ള കമ്മീഷനിൽ നടി ശാരദ, റിട്ടയേർഡ് ഐഎഎസ് ഓഫീസറായ വൽസല കുമാരി എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.
പുറത്തു വന്ന റിപ്പോർട്ട്, സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളുടെ വിശദമായ രേഖയാണ്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ട സംഭവമല്ല. റിപ്പോര്‍ട്ട് ചെയ്ത പലതില്‍ ഒന്ന് മാത്രമാണിത്. ഇത് സാധൂകരിക്കുന്ന വാട്സാപ്പ് മെസേജുകളും സ്ക്രീന്‍ഷോട്ടുകളും അടക്കമുള്ള തെളിവുകള്‍ കമ്മിറ്റിയുടെ പക്കലുണ്ട്. സ്ത്രീകള്‍ക്ക് സിനിമ സെറ്റുകളില്‍ ശൗചാലയം അടക്കം പ്രാഥമികമായ സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ല. എന്നിങ്ങനെ മൊഴികളും തെളിവുകളും അടിസ്ഥാനപ്പെടുത്തിയായിരുന്നു കമ്മിറ്റിയുടെ നിരീക്ഷണങ്ങള്‍.