NEWSROOM

"സ്ത്രീകൾക്ക് അന്തസ്സോടെ ജോലി ചെയ്യാനാകണം" : ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പി സതീദേവി

മലയാള സിനിമ സെറ്റുകള്‍ സ്ത്രീ സൗഹൃദമല്ലെന്ന നിര്‍ണായക വിവരമാണ് റിപ്പോര്‍ട്ടിലുള്ളത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ 5 പേര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്.

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. ഞെട്ടിപ്പിക്കുന്ന പ്രശ്നങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നതെന്നായിരുന്നു സതീദേവിയുടെ പ്രതികരണം. മലയാള സിനിമ സെറ്റുകള്‍ സ്ത്രീ സൗഹൃദമല്ലെന്ന നിര്‍ണായക വിവരമാണ് റിപ്പോര്‍ട്ടിലുള്ളത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ 5 പേര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്.

പ്രശ്നമുണ്ടാകുമ്പോൾ മാറി നിൽക്കുന്നവരായി സിനിമ മേഖലയിലെ സ്ത്രീകൾ മാറരുത്. സ്ത്രീകൾക്ക് അന്തസ്സോടെ ജോലി ചെയ്യാനാകണം. സിനിമാ മേഖലയിലെ ക്രിമിനലുകളുടെ വാഴ്ച ഇല്ലാതാകണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ട സംഭവമല്ല. റിപ്പോര്‍ട്ട് ചെയ്ത പലതില്‍ ഒന്ന് മാത്രമാണിത്. ഇത് സാധൂകരിക്കുന്ന വാട്സാപ്പ് മെസെജുകളും സ്ക്രീന്‍ഷോട്ടുകളും അടക്കമുള്ള തെളിവുകള്‍ കമ്മിറ്റിയുടെ പക്കലുണ്ട്. ചില പുരുഷന്‍മാര്‍ക്ക് പോലും തെളിവുകള്‍ നല്‍കാന്‍ ഭയപ്പെടുന്നു. സിനിമ മേഖലയില്‍ പവര്‍ഗ്രൂപ്പ് സജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ മലയാള സിനിമ അടിമുടി സ്ത്രീ വിരുദ്ധമാണെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്.


സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു . സിനിമയുടെ ഗ്ലാമര്‍ വെറും പുറംമോടിയാണ് , ശുചിമുറി സൗകര്യങ്ങള്‍ പോലും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. തൊഴിലിടങ്ങളിലും യാത്രാവേളകളിലും താമസ ഇടങ്ങളിലും ടിമാർ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലിള്ളത്. മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയ്ക്കും റിപ്പോർട്ടില്‍ വിമർശനമുണ്ട്. എ.എം.എം.എയുടെ പരാതി പരിഹാര സെല്‍ നിഷ്ക്രിയമാണെന്നാണ് കമ്മിറ്റിയുടെ നിരീക്ഷണം.


സിനിമാ മേഖലകളിലെ സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, ചൂഷണങ്ങള്‍ എന്നീ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ജസ്റ്റിസ് ഹേമ നേതൃത്വം കൊടുത്ത കമ്മിറ്റിയെ സർക്കാർ ചുമതലപ്പെടുത്തിയത്. ഒന്നര വര്‍ഷത്തിനു ശേഷം 2019 ഡിസംബര്‍ 31 നാണ് വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. എന്നാല്‍, നാലര വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് റിപ്പോർട്ട് വെളിച്ചം കാണുന്നത്.

SCROLL FOR NEXT