WORLD

ഫുക്കറ്റിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 11 പേർക്ക് ദാരുണാന്ത്യം; 16 പേർക്ക് പൊള്ളലേറ്റു

വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനം പ്രവർത്തിക്കുന്ന ഒരു കെട്ടിടത്തിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചത്

Author : ന്യൂസ് ഡെസ്ക്

ഫുക്കറ്റ്: തായ്‌ലൻഡിൻ്റെ തെക്കു ഭാഗത്തുള്ള റിസോർട്ട് ദ്വീപിലുണ്ടായ വൻ തീപിടിത്തത്തിൽ 11 പേർ കൊല്ലപ്പെടുകയും 16 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഒരു വാണിജ്യ സ്ഥാപനത്തിൽ നിന്ന് ഉയർന്ന തീയാണ് വലിയതോതിൽ നാശനഷ്ടങ്ങളും ആളപായവും വരുത്തിവച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനം പ്രവർത്തിക്കുന്ന ഒരു കെട്ടിടത്തിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചത്. പിന്നീട് സമീപത്തുള്ള നിരവധി കെട്ടിടങ്ങളിലേക്ക് കൂടി തീ പടരുകയായിരുന്നു. പ്രാദേശിക സമയം ഇന്ന് പുലർച്ചെ 3.17നാണ് തീപിടുത്തമുണ്ടായത്.

തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് ഏകദേശം രണ്ട് മണിക്കൂർ എടുത്തതായി തായ് അധികൃതർ പറഞ്ഞു. പരിക്കേറ്റവരിൽ 15 പേർ തായ് പൗരന്മാരും ഒരാൾ മ്യാൻമർ പൗരനുമാണ്. കൊല്ലപ്പെട്ടവരിൽ ആരും വിദേശികൾ അല്ലെന്ന് പൊലീസ് പറഞ്ഞു.

തീപിടിത്തത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണ്. ഫൂക്കറ്റിന്റെ പടിഞ്ഞാറൻ തീരത്തുള്ള പ്രശസ്തമായ പാറ്റോങ്ങ് ബീച്ചിനടുത്തുള്ള ഒരു പട്ടണ പ്രദേശത്താണ് ഈ കെട്ടിടം. ബാങ്കോക്കിലെ ഒരു ബാറിലുണ്ടായ തീപിടിത്തത്തിൽ 27 പേർ കൊല്ലപ്പെട്ടതിന് നാല് മാസത്തിന് ശേഷമാണ്, ഇപ്പോൾ വീണ്ടും വൻ തീപിടിത്തമുണ്ടായത്.

SCROLL FOR NEXT