വാഷിംഗ്ടൺ: എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടീവ് ആയി തിരിച്ചുവരവിനുള്ള സാധ്യതകൾ തേടി ജെൻസൺ ഹുവാങ്. പഴയ പദവിയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയെക്കുറിച്ച് വിശ്വസ്തരുമായി ജെൻസൺ ചർച്ച ചെയ്തതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. മുൻ എൻവിഡിയ മേധാവിയുടെ തിരിച്ചുവരവിനായി പദ്ധതിയൊരുക്കുന്നതിനായി സിലിക്കൺ വാലി കേന്ദ്രീകരിച്ച് എക്സിക്യൂട്ടീവുകളുടെ ഒരു വാർ റൂം പ്രവർത്തിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസിൽ നിന്ന് പിന്തുണ നേടാൻ ശ്രമിക്കുമെന്നും ഹുവാങ്ങിൻ്റെ ഒരു അനുയായി ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു.
ഫ്രണ്ടിയർ ലാബിന് പുറത്തുള്ള ടെക് മേഖലയിലുള്ളവരെല്ലാം ജെൻസണെ ഇഷ്ടപ്പെടുന്നുണ്ടെന്നും നിലവിലെ ഈ നീക്കത്തിന് പിന്നിൽ ജെൻസൺ ഹുവാങ്ങിൻ്റെ പിന്തുണയുണ്ടെന്നും അനുയായി വെളിപ്പെടുത്തി. ജെൻസൺ ഹുവാങ്ങിൻ്റെ പിൻഗാമിയെ കണ്ടെത്തുന്നതിനായി എൻവിഡിയയുടെ ബോർഡ് ബ്രിട്ടീഷ് ചിപ്പ് നിർമാതാക്കളായ ആം ഹോൾഡിംഗ്‌സ് സിഇഒ റെനെ ഹാസിനെ സമീപിച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ അണിയറ നീക്കങ്ങളുടെ റിപ്പോർട്ട് വരുന്നത്.
ചൈനീസ് ചാരയായ വനിതയുമായുള്ള വിവാഹേതര ബന്ധത്തിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ജെൻസൺ ഹുവാങ് സ്ഥാനമൊഴിഞ്ഞത്. എൻവിഡിയയുടെ എഐ ചിപ്പുകൾ ചൈനയിലേക്ക് കയറ്റി അയക്കുന്നതിനെ ചൊല്ലിയുണ്ടായ വിവരങ്ങളും എഐ വ്യവസായത്തിലും ലോകത്താകമാനവും വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു.
ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ ഭാഗമായിരുന്ന ആലീസ് ഹുവാങ് എന്ന ചൈനീസ് വ്യവസായിയുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി ജെൻസൻ ഹുവാങ് സമ്മതിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. എൻവിഡിയയുടെ ഡയറക്ടർ ബോർഡ് ഈ വിഷയത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഹുവാങ്ങിൻ്റെ കുറ്റസമ്മതം.
യുഎസ് ഏർപ്പെടുത്തിയ കർശന കയറ്റുമതി വിലക്കുകൾ മറികടന്ന്, അത്യാധുനിക എഐ ചിപ്പുകൾ ചൈനയിലേക്ക് എത്തിക്കാനും, അമേരിക്കൻ ടെക് വ്യവസായത്തിന്റെ സുപ്രധാന വിവരങ്ങൾ ചോർത്താനും ചൈനീസ് ചാരസംഘടനയായ 'മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി' ആലീസ് ഹുവാങ്ങിനെ ഉപയോഗിച്ചുവെന്നാണ് യുഎസ് ഭരണകൂടത്തിൻ്റെ കണ്ടെത്തൽ.
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഗാസ്പീഡ് എന്ന കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ആലീസ് ഹുവാങ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ എൻവിഡിയയിൽ നിന്ന് മാത്രം ഏകദേശം 40,000 കോടിയിലധികം രൂപ വിലമതിക്കുന്ന അത്യാധുനിക എഐ ചിപ്പുകളാണ് വാങ്ങിക്കൂട്ടിയത്. 2024 ജൂണിൽ തായ്‌പേയിലെ ഒരു ബാറിൽ വെച്ച് ജെൻസൻ ഹുവാങ്ങിനൊപ്പം ആലീസ് ആദ്യമായി പ്രത്യക്ഷപ്പെട്ട സമയത്താണ് മെഗാസ്പീഡ് വൻതോതിലുള്ള എഐ ചിപ്പുകൾ ഓർഡർ ചെയ്തുതുടങ്ങിയത്.
ഷാങ്ഹായ് ഹെക്സി ഇൻവെസ്റ്റ്‌മെൻ്റ്, ചൈനീസ് ഗെയിമിംഗ് കമ്പനിയായ 7റോഡ് എന്നിവയുമായി ബന്ധമുള്ള കമ്പനി ശൃംഖലകളുടെ കേന്ദ്രമായാണ് മെഗാസ്പീഡ് പ്രവർത്തിച്ചിരുന്നത്. ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻ്റായിരുന്നപ്പോൾ ചൈനയിലേക്കുള്ള എഐ ചിപ്പ് കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടുവന്നിരുന്നു.
എന്നാൽ, ട്രംപ് അധികാരത്തിൽ വന്നതിന് പിന്നാലെ കയറ്റുമതിയിൽ കൂടുതൽ ഇളവുകൾ വേണമെന്ന് ജെൻസൻ ഹുവാങ് പരസ്യമായി വാദിച്ചിരുന്നു. ആലീസുമായുള്ള ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ, അമേരിക്കൻ നിലപാടുകളെ ദുർബലപ്പെടുത്താൻ ചൈന നടത്തിയ ചാരനീക്കമായിരുന്നു ഇതെന്ന കാര്യവും ഇതോടെ മറനീക്കി പുറത്തു വന്നിരിക്കുകയാണ്.