ടെക്സസ്: യുഎസിലെ ടെക്സസിൽ 23കാരിയായ കോളേജ് വിദ്യാർഥിനിയെ വളർത്തു നായ്ക്കളായ മൂന്ന് പിറ്റ്‌ബുള്ളുകൾ ചേർന്ന് കടിച്ചുകീറി കൊലപ്പെടുത്തി. ടെക്സസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായ മാഡിസൻ റിലി ഹൾ ആണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്.
നവംബർ 21ന് വൈകീട്ട് 4.15നാണ് യുവതിയുടെ മൃതദേഹം വീടിന് പിന്നിലെ വരാന്തയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസിന് നേരെ പാഞ്ഞടുത്ത ഒരു നായയെ വെടിവച്ച് കൊല്ലേണ്ടിയും വന്നിരുന്നു. വീട്ടുകാർ പുറത്തുപോയ സമയത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്.
പിറ്റ്ബുള്ളുകളെ വാങ്ങിയതിന് ശേഷം ഏതാനും ആഴ്ചകളായി പരിചരിച്ചിരുന്നത് ഈ പെൺകുട്ടി തന്നെയായിരുന്നു. നായ്ക്കളും നല്ല ഇണക്കമാണ് പെൺകുട്ടിയോട് കാണിച്ചിരുന്നത്. അതിനാൽ തന്നെ നടന്ന സംഭവങ്ങൾ വിശ്വസിക്കാനാവുന്നില്ലെന്ന് ഹള്ളിനെ മാതാവ് ജെന്നിഫർ ഹബ്ബൽ പറഞ്ഞു.
വീടിന് പിന്നിലെത്തിയ പൊലീസുകാർക്ക് നേരെയും പിറ്റ്ബുള്ളുകൾ പാഞ്ഞടുത്തിരുന്നു. അതിലൊരാൾ ഒരു നായയെ വെടിവച്ചിട്ടതോടെ മറ്റു നായ്ക്കൾ ഭയന്ന് പിന്മാറുകയായിരുന്നു. അടുത്തിടെ നായ്ക്കളിൽ ചില സ്വഭാവ മാറ്റങ്ങൾ കണ്ടിരുന്നുവെന്നും മകൾ പറഞ്ഞിരുന്നതായും അമ്മ പൊലീസിനോട് വെളിപ്പെടുത്തി. എന്നാലും മകളെ അവ ഇഷ്ടപ്പെട്ടിരുന്നു എന്നാണ് അമ്മയുടെ അവകാശവാദം.
ആക്രമണത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ച കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. നായ്ക്കളുടെ ഉടമകൾക്ക് മേൽ കുറ്റം ചുമത്തണോ എന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. ജീവനോടെയുള്ള രണ്ട് പിറ്റ്ബുള്ളുകളെ ഇനി എന്ത് ചെയ്യണമെന്നും കോടതി പിന്നീട് തീരുമാനിക്കും.