ന്യൂയോർക്ക്: ഒരു ടിൻ സൂപ്പ് വാങ്ങാൻ എത്ര രൂപയാകും? നൂറോ ഇരുന്നൂറോ രൂപ. എന്നാൽ അതേ സൂപ്പ് ടിന്നിൻ്റെ ഒരു ചിത്രം ലേലത്തിന് വെച്ചാലോ? വില കേട്ടാൽ കണ്ണുതള്ളും. 90.26 ലക്ഷം ഡോളർ, അതായത് ഏകദേശം 83.89 കോടി രൂപ. പ്രശസ്ത അമേരിക്കൻ പോപ്പ് ആർട്ട് ഇതിഹാസം ആൻഡി വാർഹോൾ 1962 ൽ വരച്ച 'കാംബെൽസ് സൂപ്പ് കാൻ ടർക്കി നൂഡിൽ' എന്ന പെയിൻ്റിംഗാണ് ന്യൂയോർക്കിലെ ക്രിസ്റ്റീസ് ലേലത്തിൽ ഞെട്ടിച്ച് കോടികൾ വാരിക്കൂട്ടിയത്.
നവംബർ 19 ന് നടന്ന ക്രിസ്റ്റീസിൻ്റെ ലേലത്തിലാണ് ഈ 'വിലയേറിയ സൂപ്പ്' പുതിയ ഉടമയെ കണ്ടെത്തിയത്. 60 മുതൽ 80 ലക്ഷം ഡോളർ വരെയായിരുന്നു ലേലത്തിന് മുമ്പ് ഇതിന് പ്രതീക്ഷിച്ചിരുന്ന വില. എന്നാൽ പ്രതീക്ഷകളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഫീസ് ഉൾപ്പെടെ 90,26000 ഡോളറിലാണ് ലേലം ഉറപ്പിച്ചത്. അൻ്റോണിയോ ഹോമെം സോന്നബെൻഡിൻ്റെ കലാശേഖരത്തിൻ്റെ ഭാഗമായിരുന്ന ഈ ചിത്രത്തിൻ്റെ വിൽപ്പനയിലൂടെ ലഭിക്കുന്ന തുക സോന്നബെൻഡ് കളക്ഷൻ ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുകയെന്ന് ക്രിസ്റ്റീസ് വ്യക്തമാക്കി.
വെറുമൊരു സൂപ്പ് ടിന്നിൻ്റെ ചിത്രത്തിന് ഇത്രയധികം കോടികൾ ലഭിക്കാൻ മാത്രം എന്താണ് ഇതിൽ ഇത്ര പ്രത്യേകത എന്നായിരിക്കും ആരും ചിന്തിക്കുക. 20 x 16 ഇഞ്ച് മാത്രം വലിപ്പമുള്ള ഈ ക്യാൻവാസിന് പിന്നിൽ കലാചരിത്രത്തിലെ വലിയൊരു വഴിത്തിരിവിൻ്റെ കഥയുണ്ട്. 1962 ൽ ലോസ് ഏഞ്ചൽസിലെ ഫെറസ് ഗാലറിയിൽ വാർഹോളിൻ്റെ സൂപ്പ് കാൻ ചിത്രങ്ങൾ പ്രദർശിപ്പിച്ചതോടെയാണ് നിത്യോപയോഗ സാധനങ്ങളും സൂപ്പർമാർക്കറ്റ് ഉൽപ്പന്നങ്ങളും 'ഫൈൻ ആർട്ടിന്റെ' ഭാഗമാണെന്ന് ലോകം അംഗീകരിച്ചു തുടങ്ങിയത്.
പിന്നീട് സിൽക്ക്സ്ക്രീൻ പ്രിന്റിംഗ് രീതിയിലേക്ക് മാറിയ വാർഹോൾ, ആ സാങ്കേതികവിദ്യ പൂർണ്ണമായി സ്വീകരിക്കുന്നതിന് തൊട്ടുമുമ്പ് സ്വന്തം കൈകൊണ്ട് വരച്ച അപൂർവ്വ ചിത്രങ്ങളിൽ ഒന്നാണിത്. ലിനൻ തുണിയിൽ കേസിനും ഗ്രാഫൈറ്റും ഉപയോഗിച്ചാണ് ഈ ചിത്രം തയ്യാറാക്കിയതെന്ന് ദ വാൾ ആർട്ട് ഗാലറി ചൂണ്ടിക്കാട്ടുന്നു.
ചിത്രത്തിൻ്റെ ഉടമസ്ഥാവകാശ ചരിത്രവും കൗതുകകരമാണ്. തുടക്കത്തിൽ വാർഹോൾ ഈ പെയിന്റിംഗ് തൻ്റെ ഉറ്റസുഹൃത്തും ഫോട്ടോഗ്രാഫറുമായ എഡ്വേർഡ് വാലോവിച്ചിന് ഒരു സൗഹൃദ സമ്മാനമായി നൽകുകയായിരുന്നു. പിന്നീട് യുദ്ധാനന്തര കാലഘട്ടത്തിലെ ഏറ്റവും സ്വാധീനമുള്ള കലാശേഖരക്കാരിൽ ഒരാളായ ഇലിയാന സോന്നബെൻഡിൻ്റെ ശേഖരത്തിലേക്ക് ഈ ചിത്രം എത്തിച്ചേർന്നു.
1985 മുതൽ 2005 വരെ രണ്ട് പതിറ്റാണ്ട് കാലം ബാൾട്ടിമോർ മ്യൂസിയം ഓഫ് ആർട്ടിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്ന ഈ ചിത്രം, ആറ് പതിറ്റാണ്ടുകൾക്കിപ്പുറവും ചിത്രകലയിലെ പോപ്പ് കള്‍ച്ചറിലുള്ള അസ്വാദകരുടെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയാണ്.