ഗാസ Source: News Malayalam24x7
WORLD

ഒന്നരവർഷം പിന്നിട്ട് ഗാസയിലെ യുദ്ധം; ഹമാസ് സായുധമായും രാഷ്ട്രീയമായും ദുർബലമാകുന്നതായി റിപ്പോർട്ട്

ഇസ്രയേലിൻ്റെ ആക്രമണത്തിൻ്റെ ഫലമായി കമാന്‍ഡർമാരിലുണ്ടായ കുറവ് മാത്രമല്ല, ഇസ്രയേലി പിന്തുണയോടെ വിമതവിഭാഗങ്ങള്‍ ശക്തിപ്രാപിക്കുന്നതും ഹമാസിന് പ്രഹരമേല്‍പ്പിച്ചതായാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

ഗാസയിലെ യുദ്ധം ഒന്നരവർഷം പിന്നിടുകയും, അത് നീളുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഹമാസ് സായുധമായും രാഷ്ട്രീയമായും ദുർബലമാകുന്നതായി റിപ്പോർട്ട്. റോയിട്ടേഴ്‌സാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ഇസ്രയേലിൻ്റെ ആക്രമണത്തിൻ്റെ ഫലമായി കമാന്‍ഡർമാരിലുണ്ടായ കുറവും, തുരങ്ക ശൃംഖലയ്ക്കുണ്ടായ നാശവും മാത്രമല്ല, ഇസ്രയേലി പിന്തുണയോടെ വിമതവിഭാഗങ്ങള്‍ ശക്തിപ്രാപിക്കുന്നതും ഹമാസിന് പ്രഹരമേല്‍പ്പിച്ചതായാണ് റിപ്പോർട്ട് പറയുന്നത്. ഇതിനിടെ പ്രധാന സഖ്യകക്ഷിയായ ഇറാൻ്റെ ആയുധസഹായം അടക്കം കുറയാനുള്ള സാധ്യതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ചുവടുപിടിച്ച് ഇസ്രയേല്‍ ആരംഭിച്ച സെെനികനടപടി, ഗാസയില്‍ 20 മാസത്തിലധികം നീണ്ട യുദ്ധത്തില്‍ എത്തിനില്‍ക്കുന്നു. ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന വെടിനിർത്തല്‍, മാർച്ചില്‍ പരാജയപ്പെട്ടതോടെ ഇസ്രയേലിൻ്റെ 'ഗാസ ഓപ്പറേഷന്‍' കൂടുതല്‍ ശക്തമാക്കുകയാണ്. യഹിയ സിന്‍വാറിൻ്റെ വധമടക്കം വലിയ തിരിച്ചടികളാണ് പ്രധാന പ്രതിരോധമായി സ്വയം ഉയർത്തി കാണിക്കുന്ന ഹമാസിന് ഇക്കാലയളവിലുണ്ടായതെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു.

ഇതുവരെ 20,000-ത്തിലധികം ഹമാസ് സൈനികരെ വധിച്ചെന്നും നൂറുകണക്കിന് മെെലുകള്‍ നീളുന്ന തുരങ്ക സംവിധാനം ഉപയോഗശൂന്യമാക്കിയെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു. യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഹമാസ് പൂർണമായും ഗാസയുപേക്ഷിക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെടുന്നു. ഗാസയില്‍ ഇനിയൊരു ഭരണം സ്ഥാപിക്കപ്പെടുകയാണെങ്കില്‍ അതില്‍ ഹമാസിന് സാന്നിധ്യമോ സ്വാധീനമോ ഉണ്ടാകരുതെന്നാണ് ഇസ്രയേലിന്‍റെ നിബന്ധന. എന്നാല്‍ നിരുപാധികമായ കീഴടങ്ങലിന് ഒരുകാലത്തും വഴങ്ങില്ല എന്നാണ് ഹമാസിൻ്റെ നിലപാട്.

പ്രധാന സഖ്യകക്ഷിയായ ഇറാനില്‍ നിന്നുള്ള ആയുധ സഹായം കുറയാനുള്ള സാധ്യത ഇതിനിടെ പുതിയ വെല്ലുവിളി ഉയർത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഹമാസുമായുള്ള ഇറാൻ്റെ ഏകോപനത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന റെവല്യൂഷണറി ഗാർഡ്‌സിൻ്റെ സയീദ് ഇസാദിയെ വധിച്ചതായി കഴിഞ്ഞദിവസം ഐഡിഎഫ് സ്ഥിരീകരിച്ചിരുന്നു. സെെനിക പരിശീലനത്തില്‍ അടക്കം നിർണ്ണായക സ്വാധീനമായിരുന്ന ഇസാദിൻ്റെ വധം ഹമാസിനെ കൂടുതല്‍ ദുർബലമാക്കുമെന്ന് ഇസ്രയേല്‍ കണക്കാക്കുന്നതായാണ് റിപ്പോർട്ട്.

ഇതിനിടെ ഇസ്രയേലിൻ്റെ സഹായത്തോടെ മറ്റുവിമതശക്തികള്‍ ഉയർന്നുവരുന്നതും വെല്ലുവിളിയാണ്. റഫ ആസ്ഥാനമായി പ്രവർത്തിക്കുന്ന അബു ഷബാബ് ആണ് അതില്‍ പ്രധാനി. ഇസ്രയേല്‍ ആയുധങ്ങളടക്കം നല്‍കി വളർത്തുന്ന ആഭ്യന്തരശത്രു എന്ന നിലയിലാണ് ഹമാസ് സംഘത്തെകാണുന്നത്. വിതമനേതാവായ യാസർ അബു ഷബാബിനെ വധിക്കാന്‍ ഹമാസ് അടുത്തിടെ പദ്ധതിയിട്ടെങ്കിലും റഫയിലെ ഇസ്രയേലി നിയന്ത്രണം മറികടന്ന് പദ്ധതി നടപ്പിലാക്കാനായില്ല എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ അബു ഷബാബുമായുള്ള ബന്ധം സ്ഥിരീകരിച്ചെങ്കിലും ഇസ്രയേലിന്‍റെ സഹായമോ പിന്തുണയോ തങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നാണ് സംഘം പറയുന്നത്. റഫയില്‍ സ്വര്യവിഹാരമുള്ള ഈ സംഘം ഹമാസിന്‍റെ നിലവിലെ ദൗർബല്യങ്ങളെ മുതലെടുത്ത് സ്വാധീനം ശക്തിപ്പെടുത്തുന്നതായി നയതന്ത്രജ്ഞർ കണക്കാക്കുന്നു. പലസ്തീനിയന്‍ ജനതയ്ക്കുള്ളില്‍ ഹമാസിനെതിരെ വളർന്നുവരുന്ന അതൃപ്തി കൂടിയാകുമ്പോള്‍ ഇത് ഇരട്ടിപ്രഹരമാകുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

SCROLL FOR NEXT