യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാന് നേരിടേണ്ടിവരുന്ന ഏതൊരു ദോഷത്തേക്കാളും വളരെ വലുതായിരിക്കും എതിരാളികള്‍ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളെന്ന് ആയത്തുള്ള അലി ഖമേനി യുഎസിന് മുന്നറിയിപ്പ് നല്‍കി. ഇറാനിലെ യുഎസ് ആക്രമണങ്ങള്‍ക്ക് ശേഷം വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ഖമേനിയുടെ പ്രതികരണം.
ആക്രമണത്തിനു പിന്നാലെ ഖമേനി ടെലിവിഷനില്‍ നടത്തിയ പ്രതികരണം ഇറാനിയൻ പരമോന്നത നേതാവിന്റെ ഔദ്യോഗിക ടെലിഗ്രാം അക്കൗണ്ട് പങ്കിടുകയായിരുന്നു. ഇസ്രയേലിന്റെ സംഘർഷത്തില്‍ "സ്വന്തം നാശത്തിനാണ്" യുഎസ് പ്രവേശിക്കുന്നതെന്നും ഖമേനി വീഡിയോ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
യെമനിലെ ഹൂതികളും യുഎസിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു ആണവ കേന്ദ്രം നശിപ്പിക്കുന്നത് യുദ്ധത്തിന്റെ അവസാനമല്ല, മറിച്ച് അത് ഒരു തുടക്കമാണെന്നായിരുന്നു ഹൂതികളുടെ രാഷ്ട്രീയ ബ്യൂറോ അംഗമായ മുഹമ്മദ് അൽ-ഫറയുടെ പ്രതികരണം. "ആക്രമിച്ചിട്ട് ഓടുന്ന സമയം കഴിഞ്ഞു"വെന്നും അൽ-ഫറ കൂട്ടിച്ചേർത്തു. ഇറാനെ ആക്രമിക്കുന്നതില്‍ ട്രംപ് ഇസ്രയേലിനൊപ്പം ചേർന്നാൽ ചെങ്കടലിൽ യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതികൾ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
ഇന്ന് പുലർച്ചെയാണ് ഇറാനില്‍ യുഎസ് സൈനിക നീക്കം ആരംഭിച്ചത്. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ബി -2 ബോംബർ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു യുഎസ് ആക്രമണം. നതാന്‍സും ഫോർദോ ആണവ കേന്ദ്രം ഭാഗികമായും ആക്രമിക്കപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഇറാനില്‍ ഇസ്രയേലും ആക്രമണം ശക്തമാക്കി. ഇസ്രയേല്‍ വധഭീഷണി മുഴക്കിയതിനു പിന്നാലെ ഒരു രഹസ്യ എലൈറ്റ് യൂണിറ്റിന്റെ സംരക്ഷണയിലാണ് ഖമേനി. ഖമേനിയെ ആധുനിക ഹിറ്റ്ലർ എന്ന് വിശേഷിപ്പിച്ച ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് ഖമേനിയെ 'ഇല്ലാതാക്കും' എന്നും അതാണ് പ്രഖ്യാപിത യുദ്ധലക്ഷ്യം എന്നും പ്രഖ്യാപിച്ചിരുന്നു.