WORLD

"ഉടൻ അർഥവത്തായ സമാധാന നീക്കങ്ങൾക്ക് ഒരുങ്ങൂ, അല്ലെങ്കിൽ..."; ഇറാന് അന്ത്യശാസനവുമായി ട്രംപ്

ബോർഡ് ഓഫ് പീസിൻ്റെ ഉദ്ഘാടന മീറ്റിങ്ങിലാണ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈന്യം സൈനിക നീക്കത്തിന് കോപ്പ് കൂട്ടുന്നതിനിടെ ഇറാനോട് അർഥവത്തായ സമാധാന നീക്കങ്ങൾക്ക് ഒരുങ്ങണമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക എന്താണ് ചെയ്യാൻ പോകുന്നതെന്ന് അടുത്ത പത്ത് ദിവസത്തിനകം നിങ്ങൾക്ക് തന്നെ മനസിലാകുമെന്നും ട്രംപ് ഭീഷണി മുഴക്കി. ബോർഡ് ഓഫ് പീസിൻ്റെ ഉദ്ഘാടന മീറ്റിങ്ങിലാണ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

"ഇറാനുമായി അർഥവത്തായ സമാധാന നീക്കങ്ങൾ നടത്തുകയെന്നത് പ്രായോഗികമല്ലെന്ന് കഴിഞ്ഞ ചില സന്ദർഭങ്ങളിൽ നിന്ന് യുഎസിന് മനസിലായതാണ്. നമുക്കൊരു സമാധാനപരമായ സന്ധിയിൽ എത്തേണ്ടതുണ്ട്. അല്ലെങ്കിൽ സംഭവിക്കുന്നത് മോശം കാര്യങ്ങളാകും," ട്രംപ് പറഞ്ഞു. ഒമാൻ്റെ മധ്യസ്ഥതയിലാണ് യുഎസും ഇറാനും സമാധാന ചർച്ചകൾ നടത്തിയത്. കഴിഞ്ഞ മാസം ഇറാനിൽ നടന്ന പ്രതിഷേധക്കാർക്ക് നേരെയുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നാണ് യുഎസിൻ്റെ പ്രധാന ആവശ്യം.

യുഎസ് ഇറാനെ ആക്രമിച്ചേക്കുമെന്ന് നേരത്തെ സമൂഹമാധ്യമ പേജായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപുകളുടെ മേലുള്ള പരമാധികാരം ഉപേക്ഷിക്കുന്നതിന് എതിരെയും ബ്രിട്ടന് അദ്ദേഹം മുന്നറിയിപ്പ് നൽകി. "വളരെ അസ്ഥിരവും അപകടകരവുമായ ഇറാൻ ഭരണകൂടത്തിൻ്റെ" ആക്രമണ സാധ്യത ഇല്ലാതാക്കാൻ, യുഎസിന് ദ്വീപസമൂഹത്തിലെ ഡീഗോ ഗാർസിയ വ്യോമതാവളം ആവശ്യമായി വന്നേക്കാമെന്നും ട്രംപ് പറഞ്ഞു.

ഈ വാരാന്ത്യത്തിൽ തന്നെ ഇറാനെതിരെ ആക്രമണം നടത്താൻ യുഎസ് തയ്യാറാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളായ സിഎൻഎന്നും സിബിഎസും റിപ്പോർട്ട് ചെയ്തു. വാരാന്ത്യത്തോടെ സൈന്യം ആക്രമണത്തിന് തയ്യാറാണെന്ന് വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ടെങ്കിലും, അതാണ് ഉചിതമായ നടപടിയെന്ന് ട്രംപിന് ഇപ്പോഴും ഉറപ്പില്ലെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

"ഇറാൻ സർക്കാരിനെ അട്ടിമറിക്കുക, നിരവധി ഇറാനിയൻ രാഷ്ട്രീയ-സൈനിക നേതാക്കളെ കൊല്ലുക, പരമാവധി നാശനഷ്ടങ്ങൾ വരുത്തുക... തുടങ്ങിയ സൈനിക ഓപ്ഷനുകളെക്കുറിച്ച് ട്രംപിന് വിശദീകരണം നൽകിയിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥരെ വാൾസ്ട്രീറ്റ് ജേണൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. അതേസമയം, രാജ്യം യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും യുഎസ് ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് വഴങ്ങാൻ കഴിയില്ലെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷേഷ്കിയാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

നിലവിൽ യുഎസ് മിഡിൽ ഈസ്റ്റിൽ 13 യുദ്ധക്കപ്പലുകളും ഒരു വിമാനവാഹിനിക്കപ്പലും മൂന്ന് ലിറ്റോറൽ യുദ്ധക്കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. ഇത് കൂടാതെ കൂടുതൽ കപ്പലുകൾ വിന്യസിക്കാൻ ഒരുങ്ങുന്നതായും യുഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ട്രംപിൻ്റെ നിർദേശ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡും ഈ മാസം ആദ്യം കരീബിയനിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള യാത്രയിലാണ്. മൂന്ന് ഡിസ്ട്രോയറുകളും ഇതിനോടൊപ്പമുണ്ട്. ഡസൻ കണക്കിന് യുദ്ധവിമാനങ്ങൾ വഹിക്കുകയും ആയിരക്കണക്കിന് നാവികർ ജോലി ചെയ്യുകയും ചെയ്യുന്ന രണ്ട് യുഎസ് വിമാനവാഹിനിക്കപ്പലുകൾ മിഡിൽ ഈസ്റ്റിൽ ഉണ്ടാകുന്നത് അപൂർവമാണെന്നിരിക്കെ ഇറാനെ ആക്രമിക്കാൻ സർവ സന്നാഹങ്ങളോടെയും യുഎസ് സജ്ജമായിക്കഴിഞ്ഞു എന്ന സൂചന കൂടിയാണിത്.

ആണവ കരാറിൽ ഇറാനുമായി അന്തിമ തീരുമാനത്തിലെത്താൻ കഴിയാത്തതും, ഇറാനിലെ ജനകീയ പ്രക്ഷോഭം ഭരണകൂടം അടിച്ചമർത്താൻ ശ്രമിച്ചതും, ഇറാനിലെ എണ്ണ വിപണിയും, ഭരണകൂടത്തിൻ്റെ ബലഹീനതയും ഇസ്രയേലി സമ്മർദവുമെല്ലാം ഇറാനെ യുഎസ് ആക്രമിച്ചേക്കുമെന്ന സാധ്യതകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്.

SCROLL FOR NEXT