ടെക്‌സസിൽ മിന്നൽ പ്രളയം Source: x/ Lara Logan, Manni
WORLD

ടെക്‌സസിൽ മിന്നൽ പ്രളയം: 24 മരണം, 25 ഓളം കുട്ടികളെ കാണാതായെന്ന് റിപ്പോർട്ട്

14 ഹെലികോപ്റ്ററുകൾ, 12 ഡ്രോണുകൾ, നീന്തൽ അറിയാവുന്നവർ, തുടങ്ങി ആകെ 500 ഓളം പേർ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ടെക്സസ് ലെഫ്റ്റനൻ്റ് ഗവർണർ ഡാൻ പാട്രിക് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

യുഎസിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 24 പേർ മരിച്ചതായി റിപ്പോർട്ട്. 25 ഓളം കുട്ടികളെ കാണാതായെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. സ്വാതന്ത്ര്യദിനത്തിൽ നടന്ന ഈ ദുരന്തത്തെ "ഞെട്ടിപ്പിക്കുന്നതും, ഭയാനകവുമായ സംഭവം" എന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്.

ദുരന്തത്തിൽപ്പെട്ടവർക്ക് സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്ന് ടെ‌ക്‌സസ് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. കാണാതായവരുടെ എണ്ണം സ്ഥിരീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സാധിച്ചില്ലെങ്കിലും, രാത്രി മുഴുവൻ രക്ഷാപ്രവർത്തനം നടത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

"നദിയിൽ വെള്ളപ്പൊക്കമുണ്ടാകുന്നതിന് മുമ്പ് ജലനിരപ്പ് പെട്ടെന്ന് ഉയർന്നിരുന്നു. 45 മിനിറ്റിനുള്ളിൽ, ഗ്വാഡലൂപ്പ് നദി 26 അടിയോളം ഉയർന്നു. അത് ഒരു വിനാശകരമായ വെള്ളപ്പൊക്കമായി മാറി സ്വത്തുക്കളും ജീവനുകളും അപഹരിച്ചു" ടെക്സസ് ലെഫ്റ്റനൻ്റ് ഗവർണർ ഡാൻ പാട്രിക് പറഞ്ഞു.

കുട്ടികളെ കാണാതായി എന്ന് പറയുന്നതിന് അർഥം അവർക്ക് മുതിർന്നവരുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരിക്കാമെന്നുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 14 ഹെലികോപ്റ്ററുകൾ, 12 ഡ്രോണുകൾ, നീന്തൽ അറിയാവുന്നവർ, തുടങ്ങി ആകെ 500 ഓളം പേർ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ടെക്സസ് ലെഫ്റ്റനൻ്റ് ഗവർണർ ഡാൻ പാട്രിക് അറിയിച്ചു.

വെള്ളപ്പൊക്ക മേഖലയിൽ നിന്നും മാറ്റിയവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും, അതിനുവേണ്ട സൈനികവാഹനങ്ങളെ ഉടൻ തന്നെ വിന്യസിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ടെലികമ്മ്യൂണിക്കേഷൻ തകരാറുകൾ രക്ഷാപ്രവർത്തനത്തിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചു. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തെത്തുടർന്ന് ഹിൽ കൺട്രി, കോഞ്ചോ വാലി മേഖലകളിൽ ദുരന്ത പ്രഖ്യാപനം ഉണ്ടായിരുന്നു.

"ആ വെള്ളപ്പൊക്കം 1987 ഉണ്ടായതിനെക്കാൾ വളരെ വലുതാണ്. വെള്ളപ്പൊക്കം വരുമെന്ന് ഞങ്ങൾ അറിഞ്ഞില്ലായിരുന്നു. ആരും അത്തരമൊരു മുന്നറിയിപ്പ് നൽകിയതുമില്ല", കൗണ്ടിയിലെ ഉന്നത ഉദ്യോഗസ്ഥനായ കെർ കൗണ്ടി ജഡ്ജി റോബ് കെല്ലി പറഞ്ഞു. പതിവായി വെള്ളപ്പൊക്കമുണ്ടാകുന്ന ആ പ്രദേശത്ത് മുന്നറിയിപ്പ് സംവിധാനം പോലുമില്ല", അദ്ദേഹം കൂട്ടിച്ചേർത്തു.

രക്ഷാപ്രവർത്തനങ്ങളും ആളുകളെ മാറ്റിപ്പാർപ്പിക്കലും തുടരുകയാണ്. സംസ്ഥാനത്ത് കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്ത് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനം ഇല്ലാത്തതിനാൽ വെള്ളപ്പൊക്കം ഇത്രയധികം വിനാശകരമാകുമെന്ന ഒരു സൂചനയും ഉണ്ടായില്ലെന്ന് കെർവില്ലെ മേയർ ജോ ഹെറിംഗ് പറഞ്ഞുവെന്ന് കെർവില്ലെ ഡെയ്‌ലി ടൈംസ് റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT